പ്രകൃതിക്ഷോഭം, തീരശോഷണം; കേരളത്തിന് ലോകബാങ്കിന്റെ 1230 കോടി
June 17, 2023തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിന് കേരളത്തിന് 1230 കോടി രൂപയുടെ (150 ദശലക്ഷം ഡോളര്‍) ലോകബാങ്ക് വായ്പ അനുവദിച്ചു. നേരത്തേ അനുവദിച്ച 125 ദശലക്ഷം ഡോളറിന്റെ വായ്പക്ക് പുറമെയാണ് കേരളത്തിന് അധിക വായ്പ ഇനത്തില്‍ കൂടുതല്‍ തുക അനുവദിച്ചത്. തീരശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ മേഖലകളിലും വായ്പാ തുക പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ലോകബാങ്ക് വാർത്താക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ക്കും തീരശോഷണം ഉള്‍പ്പെടെ കാലാവസ്ഥ വ്യതിയാനങ്ങളുമുണ്ടാകാന് സാധ്യതയുള്ളതിനാല്‍ ഇവയെ പ്രതിരോധിക്കുന്നതിനായി വായ്പ അനുവദിക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് ലോകബാങ്ക് നടപടി. പകര്‍ച്ചവ്യാധി പ്രതിരോധം, കാലാവസ്ഥ വ്യതിയാനം മൂലമുള്ള മറ്റു പ്രശ്നങ്ങള്‍ തുടങ്ങിയവക്കും വായ്പ തുക വിനിയോഗിക്കാം. കാലാവസ്ഥക്ക് അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ ഇതുവഴി സാധിക്കും.
രണ്ടു പദ്ധതി വഴി 50 ലക്ഷത്തോളം ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്ന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012ലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലുമായി സംസ്ഥാനത്തിന് 100 ദശലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായതായി ലോകബാങ്ക് സംഘം വിലയിരുത്തിയിരുന്നു. 14 വര്‍ഷമാണ് വായ്പാ കാലാവധി. ആദ്യത്തെ ആറുവര്‍ഷം വരെ വായ്പ തിരിച്ചടയ്ക്കേണ്ടതില്ല. തുടര്‍ന്നുള്ള എട്ടു വര്‍ഷത്തിനകം വായ്പത്തുക തിരിച്ചടയ്ക്കണമെന്നും ലോകബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ കേരളത്തിന് വായ്പ അനുവദിച്ചുകൊണ്ടുള്ള നിര്‍ദേശത്തില്‍ പറയുന്നു. 2018ലെ മഹാപ്രളയത്തിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബൃഹദ് പദ്ധതി തയാറാക്കി ലോകബാങ്കിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു.