രൂപയുടെ വീഴ്ച തടയാന്‍ കഴിയാതെ റിസര്‍വ് ബാങ്ക്

രൂപയുടെ വീഴ്ച തടയാന്‍ കഴിയാതെ റിസര്‍വ് ബാങ്ക്

September 19, 2018 0 By

കൊച്ചി: കരുതല്‍ വിദേശ നാണയ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റുമറിച്ചിട്ടും രൂപയുടെ കനത്ത വീഴ്ച തടയാന്‍ ഇന്നലെ റിസര്‍വ് ബാങ്കിനായില്ല. 46 പൈസ ഇടിഞ്ഞ് റെക്കാഡ് താഴ്ചയായ 72.97ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. നേട്ടത്തോടെയായിരുന്നു ഇന്നലെ രൂപയുടെ വ്യാപാരത്തുടക്കം. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും സംയുക്തമായി പ്രഖ്യാപിച്ച രക്ഷാനടപടികള്‍, ക്രൂഡോയില്‍ വിലയിടിവ്, ആഗോള തലത്തില്‍ ഡോളര്‍ നേരിട്ട തകര്‍ച്ച എന്നിവ വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയ്ക്ക് നേരിയ ഗുണം ചെയ്തിരുന്നു.

എന്നാല്‍, ചൈനയ്ക്കുമേല്‍ 20,000 കോടി ഡോളറിന്റെ അധിക നികുതി ബാദ്ധ്യത ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തെ തുടര്‍ന്ന്, ആഗോള ഓഹരികളിലുണ്ടായ തകര്‍ച്ച ഇന്ത്യയിലും ആഞ്ഞടിച്ചത് രൂപയ്ക്ക് തിരിച്ചടിയായി. ഓഹരികളിലുണ്ടായ വില്പന സമ്മര്‍ദ്ദം രൂപയെയും താഴേക്ക് വീഴ്ത്തി. രണ്ടു ദിവസത്തിനിടെ മാത്രം ഡോളറിന് മുന്നില്‍ 1.13 രൂപയുടെ തകര്‍ച്ച രൂപ നേരിട്ടു. ഈവര്‍ഷം ഇതുവരെ 13.50 ശതമാനം ഇടിവുമുണ്ടായി. ഇന്ത്യയിലെ നാണയപ്പെരുപ്പം കൂടി പരിഗണിച്ചാല്‍ രൂപ നേരിട്ട യഥാര്‍ത്ഥ നഷ്ടം 6 7 ശതമാനമാണെന്ന് ഐ.എം.എഫ് പ്രതികരിച്ചു. രൂപ 73 വരെ താഴുന്നത് ഭീഷണിയല്ലെന്ന് ധനമന്ത്രാലയവും അഭിപ്രായപ്പെട്ടു.

വ്യാപാര യുദ്ധത്തില്‍
തകര്‍ന്ന് ഓഹരികള്‍

അമേരിക്കചൈന വ്യാപാരയുദ്ധം ഇന്നലെയും ഇന്ത്യന്‍ ഓഹരി വിപണികളുടെ തകര്‍ച്ചയ്ക്ക് കളമൊരുക്കി. 296 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ് 37,290ലും നിഫ്റ്റി 98 പോയിന്റ് താഴ്ന്ന് 11,278ലുമാണ് വ്യാപാരാന്ത്യമുള്ളത്. തിങ്കളാഴ്ച സെന്‍സെക്‌സ് 505 പോയിന്റും നിഫ്റ്റി 137 പോയിന്റും ഇടിഞ്ഞിരുന്നു. ബാങ്കിംഗ്, ലോഹം, ഊര്‍ജ്ജം, വാഹന ഓഹരികളാണ് ഇന്നലെ ഉയര്‍ന്ന നഷ്ടം നേരിട്ടത്. നിഫ്റ്റിയുടെ തകര്‍ച്ചയ്ക്ക് എസ്.ബി.ഐ., ടാറ്രാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് എന്നിവ നേതൃത്വം നല്‍കി. ബാങ്ക് ലയന തീരുമാനവും രൂപയെ രക്ഷിക്കാനുള്ള കേന്ദ്ര നടപടികളും ഫലം കണ്ടില്ലെന്ന സൂചനയാണ് ഓഹരികളുടെ വീഴ്ചയെന്ന് നിരീക്ഷകര്‍ പ്രതികരിച്ചു.

നഷ്ടത്തിന്റെ ട്രാക്കില്‍
ബാങ്കോഹരികള്‍

ലയനത്തിന്റെ പാതയിലായ വിജയ ബാങ്ക് 5.75 ശതമാനവും ബാങ്ക് ഒഫ് ബറോഡ 16.38 ശതമാനവും നഷ്ടം ഇന്നലെ നേരിട്ടു. ദേന ബാങ്കിന്റെ ഓഹരിവില 19.81 ശതമാനം കുതിക്കുകയും ചെയ്തു. കിട്ടാക്കടത്തോത് താരതമ്യേന കുറവുള്ള ബാങ്കുകളാണ് വിജയ ബാങ്കും ബാങ്ക് ഒഫ് ബറോഡയും. ഇവയില്‍ ലയിക്കാനുള്ള നീക്കമാണ് ദേനബാങ്കിന് ഗുണമായത്. എസ്.ബി.ഐ., പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ ഓഹരിവിലയും ഇന്നലെ നഷ്ടത്തിലേക്ക് വീണു.

മാഞ്ഞുപോയത്
2.78 ലക്ഷം കോടി
കനത്ത വീഴ്ചമൂലം സെന്‍സെക്‌സിലെ നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം കൊഴിഞ്ഞുപോയത് 2.78 ലക്ഷം കോടി രൂപ.