സമുദ്ര പ്രതിരോധ മേഖലയിലെ ഇന്ത്യ-യുഎസ് സഹകരണം; ഷിപ്പിംഗ് ഓഹരികള്‍ ഉയര്‍ന്നു

June 5, 2023 0 By BizNews

ന്യൂഡല്‍ഹി: യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെയിംസ് ഓസ്റ്റിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്ന് കപ്പല്‍ നിര്‍മ്മാണ കമ്പനി ഓഹരികള്‍ ഉയര്‍ന്നു.ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ 7 ശതമാനവും ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനി 3 ശതമാനവും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 11 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.സമുദ്ര പ്രതിരോധ മേഖലയിലെ സഹകരണമാണ് ഇരുവരും ചര്‍ച്ച ചെയ്തത്.

സാങ്കേതികവിദ്യയുടെ കൈമാറ്റം, സഹകരിച്ചുള്ള ഉല്‍പാദനം, തദ്ദേശീയ ശേഷി കെട്ടിപ്പടുക്കല്‍, സമുദ്ര, സൈനിക, എയ്റോസ്പേസ് ഡൊമെയ്നുകളിലെ സാങ്കേതിക വിദ്യ സഹകരണം എന്നിവയും ചര്‍ച്ചാ വിഷയമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഓസ്റ്റിന്‍ കൂടിക്കാഴ്ച നടത്തി.

മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് സംരംഭങ്ങള്‍ക്ക് അനുസൃതമായി തദ്ദേശീയ ശേഷി വികസിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. കിഴക്കന്‍ മേഖലയുടേയും അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍ എന്നിവിടങ്ങളിലെയും വികസനത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാളും പറഞ്ഞു.