ഓഹരി വിൽക്കും; വൻ തുക സ്വരൂപിക്കാനൊരുങ്ങി അദാനി
June 1, 2023മുംബൈ: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് ഓഹരി വിൽപനയിലൂടെ വൻ തുക സ്വരൂപിക്കാൻ ഒരുങ്ങുന്നു. മൂന്ന് ബില്യൺ ഡോളറാണ് ഇക്വിറ്റി ഓഹരി വിൽപനയിലൂടെ അദാനി ഗ്രൂപ്പ് സ്വരൂപിക്കുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കാണ് ഓഹരി കൈമാറുക.
അദാനി എന്റർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ എന്നീ കമ്പനികൾ ചേർന്ന് 21,000 കോടി സ്വരൂപിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിന് പുറമേ അദാനി ഗ്രീൻ എനർജിയും ഒരു ബില്യൺ ഡോളർ സ്വരൂപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ബോർഡ് വൈകാതെ ഇക്കാര്യത്തിന് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഹരി വിൽപനക്ക് അദാനി എന്റർപ്രൈസിന്റേയും അദാനി ട്രാൻസ്മിഷന്റേയും ബോർഡുകൾ അംഗീകാരം നൽകിയെങ്കിലും ഓഹരി ഉടമകളുടെ അനുമതി കൂടി വാങ്ങേണ്ടതുണ്ട്. സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തോടെ ഇടപാട് പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. നേരത്തെ ഹിൻഡൻബർഗ് വിവാദത്തെ തുടർന്ന് അദാനി ഗ്രൂപ്പിന് എഫ്.പി.ഒയിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.