ഫേസ്ബുക്കിന് ഇന്ത്യയിൽ പക്ഷപാതിത്വം; ജീവനക്കാർക്ക് ബി.ജെ.പി ബന്ധം, നടപടി ആവശ്യപ്പെട്ട് ഓഹരി ഉടമകൾ
May 27, 2023വാഷിങ്ടൺ: ഫേസ്ബുക്ക് ഇന്ത്യയുടെ നടപടികൾക്കെതിരെ പ്രമേയവുമായി ഓഹരി ഉടമകൾ. ആക്ടിവിസ്റ്റായ മാരി മെന്നൽ ബെൽ അടക്കമുള്ളവരാണ് പ്രമേയം കൊണ്ടു വരുന്നത്. മെയ് 31ന് പ്രമേയം പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്ക് ഇന്ത്യയിൽ രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്നും ഉള്ളടക്കത്തെ സ്വാധീനിക്കുന്നുവെന്നുമാണ് വിമർശനം.
മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനത്തിൽ സുതാര്യതയില്ലെന്നും ഓഹരി ഉടമകൾ വിമർശിക്കുന്നുണ്ട്. ഇത് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും പ്രമേയം പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയായ ബി.ജെ.പിയുമായി ഫേസ്ബുക്ക് ഇന്ത്യയിലെ ജീവനക്കാർക്ക് ബന്ധമുണ്ടെന്നും പ്രമേയം വിമർശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ വിശദമായി പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, മനുഷ്യാവകാശങ്ങൾ, തുല്യത, സുരക്ഷിതത്വം, സ്വകാര്യത എന്നിവയെ എല്ലാം ഫേസ്ബുക്ക് ഇപ്പോഴും മാനിക്കുന്നുണ്ടെന്നും പ്രമേയത്തിന് ഫേസ്ബുക്ക് നൽകിയ മറുപടിയിൽ പറയുന്നു.