ആന്റിബയോട്ടിക്കിന്റെ പാര്‍ശ്വഫലം: നാവില്‍ കറുപ്പ് നിറവും രോമവളര്‍ച്ചയുമായി അറുപതുകാരി
May 12, 2023ആന്റിബയോട്ടിക്കുകളുടെ പാര്‍ശ്വഫലങ്ങള്‍ക്കെതിരെ ആരോഗ്യവിദഗ്ധര്‍ എപ്പോഴും മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ ഇനിമുതല്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടതില്ലെന്ന് മരന്നുകടക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചതിന് പിന്നിിലും ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യമാണ്. എങ്കിലും ആവശ്യം വന്നാല്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടതും രോഗശമനത്തിന് ആവശ്യമാണ്. ആന്റിബയോട്ടിക്കുകള്‍ക്ക് പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. പക്ഷേ കഴിഞ്ഞിടെ ആന്റിബയോട്ടിക്കിന്റെ ഉപയോഗത്തെ തുടര്‍ന്ന് വളരെ വിചിത്രമായ ഒരു അവസ്ഥ ഒരു രോഗിയില്‍ ഉണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.
ആന്റിബയോട്ടിക് ഉപയോഗം മൂലം ഒരു സ്ത്രീയുടെ നാവ് കറുത്തുപോകുകയും രോമവളര്‍ച്ചയുണ്ടാകുകയും ചെയ്തുവെന്നാണ് (black hairy tongue) ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ കേസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജപ്പാനിലാണ് സംഭവം. പതിനാല് മാസങ്ങള്‍ക്ക് മുമ്പ് മലാശയ അര്‍ബുദം ബാധിച്ച് ചികിത്സ തേടിയ സ്ത്രീക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. കീമോതെറാപ്പിയുടെ പാര്‍ശ്വഫലഫലങ്ങള്‍ കുറയ്ക്കുന്നതിനായി അറുപതുകളിലുള്ള ഈ സ്ത്രീ മിനോസൈക്ലിന്‍ എന്ന മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. മുഖക്കുരു മുതല്‍ ന്യുമോണിയ വരെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയാണ് സാധാരണയായി മിനോസൈക്ലിന്‍ ഉപയോഗിക്കുന്നത്.
അര്‍ബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പാനിട്യുമമാബ് എന്ന മരുന്ന് കാരണം ത്വക്കിലുണ്ടാകുന്ന മുഴകളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തിലാണ് ഇവര്‍ ദിവസവും 100 എംജി മൈനോസിക്ലീന്‍ കഴിച്ചിരുന്നത്. ഇതിന് ശേഷം അവരുടെ നാവില്‍ മരുന്നുപയോഗം മൂലമുള്ള ഹൈപ്പര്‍പിഗ്മന്റേഷനും കറുത്ത നിറവും രോമവളര്‍ച്ചയും കണ്ടെത്തുകയായിരുന്നു. ഇവരുടെ മുഖത്തിന്റെ നിറവും ഇരുണ്ടതായി ഡോക്ടര്‍മാര്‍ പറയുന്നു. നാവിലുള്ള രുചിമുകുളങ്ങളാണ് കറുത്തതും ബ്രൗണിലുമായ നിറങ്ങളില്‍ രോമസമാനമായി മാറിയത്. ഇതില്‍ വേദനയും അനുഭവപ്പെടുന്നുണ്ട്.
മിനോസൈക്ലിന്‍ മൂലം ത്വക്കിനുണ്ടായ തകരാറാണ് മുഖത്തിന്റെ നിറം ഇരുളാന്‍ കാരണം. ഓക്‌സിഡേഷന്‍ സംഭവിക്കുമ്പോള്‍ മിനോസൈക്ലിന്‍ കറുത്ത നിറത്തിലാകുകയും അങ്ങനെ ത്വക്കിന്റെ നിറം മാറുകയും ചെയ്യും. ഇത്തരം അവസ്ഥകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രശ്‌നകാരികളായ മരുന്നുകള്‍ മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. മരുന്ന് മാറ്റി ആറാഴ്ചയ്ക്കുള്ളില്‍ മുഖത്തെ നിറവ്യത്യാസവും നാവിലെ പ്രശ്‌നങ്ങളും വലിയ രീതിയില്‍ ഭേദപ്പെട്ടു.
ഈ അപൂര്‍വ്വ കേസ് കണക്കിലെടുത്ത് മരുന്നുപയോഗം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
- രോഗിയുടെ ത്വക്കിന്റെ നിറം മാറുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ കഴിക്കുന്ന മരുന്നുകള്‍ ഏതൊക്കെയാണെന്ന് മനസിലാക്കുക.
- മിനോസൈക്ലീന്‍ ത്വക്കില്‍ ഹൈപ്പര്‍പിഗ്മന്റേഷനും കറുത്ത, രോമാവൃതമായ നാക്കും ഉണ്ടാകാം.
- പ്രശ്‌നകാരണമായ മരുന്ന് മാറ്റുന്നത് ത്വക്കിലെ പ്രശ്‌നങ്ങളും നാവിലെ പ്രശ്‌നങ്ങളും കുറയ്ക്കാന്‍ സഹായിക്കും.