ജിഎസ്ടി വാർഷിക റിട്ടേൺ സമർപ്പിക്കാത്ത ചെറുകിടക്കാർക്ക് ദിവസം 50 രൂപ വീതം പിഴ
May 5, 2023 0 By BizNewsകൊച്ചി: കഴിഞ്ഞ മാർച്ച് 31 വരെയുള്ള വിൽപനയുടെ ജിഎസ്ടി വാർഷിക റിട്ടേൺ ഏപ്രിലിൽ സമർപ്പിക്കാൻ കഴിയാത്ത ചെറുകിടക്കാർക്ക് ദിവസം 50 രൂപ വീതം പിഴ ഈടാക്കിത്തുടങ്ങി.
ദിവസപ്പിഴയിൽ 25 വീതം കേന്ദ്രത്തിനും സംസ്ഥാനത്തിനുമാണ് (സിജിഎസ്ടിയും എസ്ജിഎസ്ടിയും) അടയ്ക്കേണ്ടത്. വർഷം 1.5 കോടി രൂപയിൽത്താഴെ (മാസം ശരാശരി 13 ലക്ഷത്തിൽ താഴെ) വിറ്റുവരവുള്ള ചെറുകിടക്കാർക്ക് നികുതി കോംപൗണ്ട് ചെയ്താൽ മതി.
വിറ്റുവരവിന്റെ 1% അവർ സ്വന്തം കയ്യിൽ നിന്നു കൊടുക്കണം. അവർക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് കിട്ടുകയുമില്ല.
പലവ്യഞ്ജനം ഉൾപ്പടെ നാട്ടിലെ ഭൂരിപക്ഷം ചെറിയ കടക്കാരെല്ലാം ഈ വിഭാഗത്തിൽപ്പെടുന്നവയാണ്. എന്നാൽ ഇവർക്ക് മറ്റു മൊത്ത വ്യാപാരികളിൽ നിന്നു സാധനം വാങ്ങുന്നതിന് ജിഎസ്ടി റജിസ്ട്രേഷൻ എടുക്കേണ്ടതുമുണ്ട്.
ജിഎസ്ടി നമ്പർ ഇല്ലാതെ സാധനങ്ങൾ ലഭിക്കില്ല. കോംപൗണ്ട് ചെയ്യുന്ന 1% തുക 3 മാസം കൂടുമ്പോഴാണ് സാധാരണ അടയ്ക്കുക.
ജനുവരി മുതൽ മാർച്ച് വരെയുള്ള വിൽപനയുടെ കോംപൗണ്ടിങ് തുക ഏപ്രിലിൽ അടയ്ക്കുന്നു. പക്ഷേ വാർഷിക റിട്ടേണും (ജിഎസ്ടിആർ 4) ഏപ്രിൽ 30നകം ഫയൽ ചെയ്യണം.
2022–2023ലെ റിട്ടേണിന് മേയ് 1 മുതൽ പിഴ നൽകേണ്ട സ്ഥിതിയാണ്. അതേ സമയം 2021–22ലെ റിട്ടേൺ ഇനിയും നൽകാത്തവർക്ക് ജൂൺ 30നകം അടയ്ക്കുകയാണെങ്കിൽ പരമാവധി 2000 രൂപ മാത്രമാണു പിഴ.
2 കോടിയിൽ താഴെ വിറ്റുവരവുള്ളവർക്ക് വാർഷിക റിട്ടേൺ നൽകേണ്ട എന്ന ആനുകൂല്യം കോംപൗണ്ട് ചെയ്തവർക്ക് ഇല്ലാതാക്കിയാണ് പിഴ അടപ്പിച്ചത്.