അറ്റാദായം ഇരട്ടിയാക്കി അദാനി എന്റര്‍പ്രൈസസ്, വരുമാനമുയര്‍ന്നത് 26 ശതമാനം

അറ്റാദായം ഇരട്ടിയാക്കി അദാനി എന്റര്‍പ്രൈസസ്, വരുമാനമുയര്‍ന്നത് 26 ശതമാനം

May 4, 2023 0 By BizNews

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പതാകവാഹക കമ്പനി, അദാനി എന്റര്‍പ്രൈസസ് നാലാംപാദ അറ്റാദായം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. 722 കോടി രൂപയാണ് മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. വരുമാനം 26 ശതമാനം കൂടി 31346.05 കോടി രൂപയായി.

1.20 രൂപയുടെ ലാഭവിഹിതം നല്‍കാനും കമ്പനി തയ്യാറായിട്ടുണ്ട്. 2023 സാമ്പത്തികവര്‍ഷത്തിലെ അറ്റാദായം 2472.94 കോടി രൂപയാണ്. വരുമാനം 97 ശതമാനം ഉയര്‍ന്ന് 1.37 കോടി രൂപ.

മാര്‍ച്ച് അവസാനത്തില്‍ കമ്പനിയുടെ കടം 38320 കോടി രൂപയാണ്. ബാഹ്യ കടം-ഇക്വിറ്റി അനുപാതം മാര്‍ച്ച് അവസാനം വരെ 0.73 മടങ്ങ്. ഒരു വര്‍ഷം മുന്‍പ് ഇത് 1.06 മടങ്ങായിരുന്നു.

അനുബന്ധസ്ഥാപനമായ അദാനി എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിംഗ്‌സ് 21.4 ദശലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കി. ഒരുവര്‍ഷത്തേക്കാള്‍ 74 ശതമാനം അധികം. കാര്‍ഗോ അളവ് 14 ശതമാനം കൂടി 1.8 ലക്ഷം കോടിയായപ്പോള്‍ വരുമാനം 38 ശതമാനമുയര്‍ന്ന് 1657 കോടി രൂപ.

അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ഇക്കോസിസ്റ്റത്തിന്റെ വരുമാനം 31 ശതമാനം കൂടി 908 കോടി രൂപയിലെത്തി. ലാഭം 23 ശതമാനം വര്‍ധിച്ച് 89 കോടി രൂപ.മൈനിംഗ് സേവനങ്ങള്‍ 804 കോടി രൂപയുടെ വരുമാനവും 311 കോടി രൂപയുടെ അറ്റാദായവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

യഥാക്രമം 18 ശതമാനവും 8 ശതമാനവും വര്‍ദ്ധന. മൈനിംഗ് മേഖലയില്‍ കമ്പനിയ്ക്ക് 50 ശതമാനം വിപണി വിഹിതമുണ്ട്. 2022 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഓസ്‌ട്രേലിയയിലെ കാര്‍മൈക്കല്‍ ഖനി 4872 കോടി രൂപയുടെ വരുമാനം റിപ്പോര്‍ട്ട് ചെയ്തു.