വിനോദ് അദാനി 3 കമ്പനികളുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു

വിനോദ് അദാനി 3 കമ്പനികളുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു

May 1, 2023 0 By BizNews

ഗൗതം അദാനിയുടെ മുതിർന്ന സഹോദരൻ വിനോദ് അദാനി, ഓസ്ട്രേലിയൻ ബന്ധമുള്ള മൂന്ന് കമ്പനികളിലെ ‍ഡയറക്ടർ സ്ഥാനമൊഴിഞ്ഞതായി റിപ്പോർട്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ആരോപണം നേരിട്ട വ്യക്തിയാണ് വിനോദ് അദാനി.

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് തൊട്ടു മുമ്പാണ് അദ്ദേഹം രാജിവെച്ചതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

കാർമിക്കൽ റെയിൽ & പോർട് സിംഗപ്പൂർ, കാർമിക്കെൽ റെയിൽ സിംഗപ്പൂർ, അബോട്ട് പോയിന്റ് ടെർമിനൽ എക്സ്പാൻഷൻ എന്നീ കമ്പനികളുടെ ഡയറക്ടർ സ്ഥാനമാണ് വിനോദ് അദാനി രാജിവെച്ചത്.അദാനി കുടുംബത്തിന് ബില്യൺ കണക്കിന് ഡോളറുകൾ ഓഹരി പങ്കാളിത്തമുള്ള, ഓസ്ട്രേലിയയിലെ കൽക്കരി ഖനനവുമായി ബന്ധമുള്ള കമ്പനികളാണ് ഇവ.

സുപ്രീം കോടതി ഉത്തരവ് പുറത്തു വന്നിട്ട് ഏതാനും നാളുകളായെങ്കിലും, വിനോദ് അദാനിയുടെ രാജി സംബന്ധമായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. അദാനി ഗ്രൂപ്പ്, വിനോദ് അദാനി എന്നിവർ തമ്മിലുള്ള സാമ്പത്തിക വിനിമയങ്ങൾ നിയമപ്രകാരം വെളിപ്പെടുത്തിയിട്ടുണ്ടോ എന്ന വിഷയത്തിൽ സെബി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

കാർമിക്കേൽ ഖനിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വിനോദ് അദാനിക്ക് മാനേജീരിയൽ റോൾ ഇല്ലെന്ന് അദാനി ഗ്രൂപ്പിന്റെ പ്രതിനിധി പറഞ്ഞു. രാജി സംബന്ധമായ വിഷയത്തിൽ അദാനി ഗ്രൂപ്പോ, വിനോദ് അദാനിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജനുവരി 24ന് പുറത്തു വിട്ട ഹിൻഡൻബർഗ് റിപ്പോർട്ടിൽ, ഡസൻ കണക്കിന് ഷെൽ കമ്പനികൾ വിനോദ് അദാനിയുടെ പേരിലുണ്ടെന്ന് ആരോപിച്ചിരുന്നു. ഇവ ഉപയോഗിച്ച് മില്യൺ കണക്കിന് ഡോളറുകൾ അദാനി ഗ്രൂപ്പിനുള്ളിലേക്കും, പുറത്തേക്കും വിനിമയം ചെയ്യുന്നതായും ആരോപണമുണ്ടായിരുന്നു.ഇത്തരത്തിൽ കൃത്രിമമായി ഓഹരിവില ഉയർത്താൻ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഹിൻ‍ഡൻബർഗ് ഉന്നയിച്ചിരുന്നത്.

വിനോദ് അദാനി പ്രമോട്ടർ ഗ്രൂപ്പിന്റെ ഭാഗമാണെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ഗ്രൂപ്പ് ആവശ്യമുള്ള ഡിസ്ക്ലോഷറുകൾ നടത്തിയിട്ടുണ്ടെന്നും അറിയിച്ചു.ഹിൻഡൻബർഗ് ഉന്നയിച്ച വിനോദ് അദാനിയുമായി ബന്ധപ്പെട്ട ഭൂരിഭാഗം ചോദ്യങ്ങളെയും അദാനി ഗ്രൂപ്പ് ഒഴിവാക്കുകയായിരുന്നു.

അദാനി ഗ്രൂപ്പിന്റെ പബ്ലിക് കമ്പനികളുടെയോ, സബ്സിഡിയറി കമ്പനികളുടെയോ മാനേജരല്ല വിനോദ് അദാനി എന്ന കാരണത്താൽ ചോദ്യങ്ങൾക്ക് പ്രാധാന്യമില്ല എന്ന കാരണമാണ് അദാനി ഗ്രൂപ്പ് പറഞ്ഞിരുന്നത്.