കല്യാണ്‍ ജ്വല്ലേഴ്സിന് 60% വരുമാന വളര്‍ച്ച

കല്യാണ്‍ ജ്വല്ലേഴ്സിന് 60% വരുമാന വളര്‍ച്ച

April 9, 2021 0 By BizNews

കൊച്ചി: 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ ഉപഭോക്തൃ ആവശ്യത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 60 ശതമാനം വര്‍ധിച്ചതായും കല്യാണ്‍ ജ്വല്ലേഴ്സ് അറിയിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിലെ ആദ്യ രണ്ട് മാസങ്ങളിലെ വരുമാന വളര്‍ച്ച ഏകദേശം 35 ശതമാനമായിരുന്നു. അതേസമയം, മാര്‍ച്ചില്‍ വളര്‍ച്ച ഗണ്യമായി ഉയര്‍ന്നു. കോവിഡ് 19 മൂലം 2020 മാര്‍ച്ചില്‍ വില്‍പ്പന നഷ്ടം നേരിട്ടിരുന്നു. ഇതുമായുള്ള താരതമ്യമായതിനാലാണ് 2021 മാര്‍ച്ചില്‍ വളര്‍ച്ച കൂടുതലായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് സ്റ്റോറുകള്‍ മാത്രമാണ് കല്യാണ്‍ തുറന്നത്. അസംഘടിത വിഭാഗത്തില്‍ നിന്ന് സംഘടിത വിഭാഗത്തിലേക്കുള്ള സ്വര്‍ണ ഉപഭോഗത്തിന്‍റെ അര്‍ത്ഥവത്തായ മാറ്റമാണ് സമീപകാലത്തെ വരുമാന മുന്നേറ്റമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് പറഞ്ഞു. എല്ലാമേഖലകളിലും മികച്ച വളര്‍ച്ച നേടിയെങ്കിലും ദക്ഷിണേന്ത്യയിലാണ് കൂടുതല്‍ വളര്‍ച്ചയുണ്ടായത്. മികച്ച നേട്ടം നല്‍കുന്ന സ്റ്റഡഡ് പ്രൊഡക്റ്റ് പോര്‍ട്ട്ഫോളിയേ വളര്‍ച്ച പ്രകടമാക്കി. പ്ലെയിന്‍ ഗോള്‍ഡ് ജ്വല്ലറി ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയില്‍ വേഗത്തിലുള്ള വളര്‍ച്ചയാണ് ഉണ്ടായത്.

കമ്പനിയുടെ മൊത്തത്തിലുള്ള ലാഭം മാര്‍ച്ച് പാദത്തില്‍ പ്രത്യാഘാതങ്ങള്‍ നേരിട്ടു. മിഡില്‍ ഈസ്റ്റ് ബിസിനസ്സിലെ വരുമാനം കഴിഞ്ഞ പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 20 ശതമാനം ഇടിഞ്ഞു. ഈ മേഖലയിലെ 7 സ്റ്റോറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനമാണ് ഇതിന് ഭാഗികമായി കാരണമായത്. മാര്‍ച്ചില്‍ കല്യാണ്‍ ജ്വല്ലേഴ്സ് ഐപിഒയിലൂടെ 800 കോടി രൂപയുടെ സമാഹരണം നടത്തിയിരുന്നു.