കല്യാണ്‍ ജുവല്ലേഴ്സ് ഐപിഒയ്ക്കായി സെബിയില്‍ അപേക്ഷ സമര്‍പ്പിച്ചു
August 27, 2020 0 By BizNewsകൊച്ചി: വരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ജുവല്ലറി കമ്പനികളിലൊന്നായ കല്യാണ്‍ ജുവല്ലേഴ്സ് പ്രാഥമിക ഓഹരി വില്‍പനയ്ക്കായി (ഐപിഒ) സെബിയില്‍ അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.1750 കോടി രൂപയുടെ ഐപിഒയില്‍ 1000 കോടി രൂപയുടേത് പുതിയ ഓഹരികളായിരിക്കും. 750 കോടി രൂപയുടേത് പ്രമോട്ടര്‍മാരുടെ ഓഹരികളാണ്. രണ്ടു കോടി രൂപ വരെയുള്ള ഓഹരികള്‍ ജീവനക്കാര്‍ക്കായും മാറ്റി വെക്കും. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 107 ഷോറൂമുകളും ഗള്‍ഫ് മേഖലയില്‍ 30 ഷോറൂമുകളുമാണ് കല്യാണ്‍ ജുവല്ലേഴ്സിനുള്ളത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ 10100.918 കോടി രൂപയുടെ വരുമാനമായിരുന്നു കല്യാണ്‍ ജുവല്ലേഴ്സിനുണ്ടായിരുന്നത്. ഇതില്‍ 78.19 ശതമാനം ഇന്ത്യയില്‍ നിന്നും 21.81 ശതമാനം ഗള്‍ഫ് മേഖലയില്‍ നിന്നുമായിരുന്നു. ഓണ്‍ലൈന്‍ സംവിധാനത്തിലൂടേയും കല്യാണ്‍ ജുവല്ലേഴ്സ് ആഭരണങ്ങള്‍ വില്‍ക്കുന്നുണ്ട്.ടി എസ് കല്യാണരാമന്‍ സ്ഥാപിച്ച കമ്പനി 1993-ല്‍ തൃശൂരില്‍ ഒരു ഷോറൂമുമായാണ് ജുവല്ലറി ബിസിനസ് ആരംഭിച്ചത്.