
ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു
May 7, 2025 0 By BizNews
ന്യൂഡല്‍ഹി: ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. കരാർ സംബന്ധിച്ച ചർച്ചകള്‍ വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി സംസാരിച്ചുവെന്നും മോദി ‘എക്സ്’ പോസ്റ്റില്‍ വ്യക്തമാക്കി. കരാർ ഒപ്പിടാൻ യു.കെ പ്രധാനമന്ത്രി ഇന്ത്യയിലെത്തുമെന്നാണ് വിവരം.
“ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകള്‍ വിജയകരമായി പൂർത്തിയായി. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന കരാറിലൂടെ ബന്ധം മെച്ചപ്പെടും. വ്യാപാരവും തൊഴിലും നിക്ഷേപവും വർധിക്കും.” മോദി ‘എക്സ്’ പോസ്റ്റിലൂടെ പറഞ്ഞു.
സ്വതന്ത്ര വ്യാപാര കരാറിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മില്‍ വർഷങ്ങളായി നടത്തിയ ചർച്ചകളാണ് പൂർത്തിയായിരിക്കുന്നത്.
യുകെയുടെ മുൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ കാലത്താണ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകള്‍ തുടങ്ങിയത്.
ഇന്ത്യക്കാരുടെ വിസ, യുകെയില്‍ നിന്നുള്ള കാറുകളുടെയും സ്കോച്ച് വിസ്കിയുടെയും മേലുള്ള നികുതി, കാർബണ്‍ ബഹിർഗമനം, അധികമായി വേണ്ടിവരുന്ന ഉരുക്ക്, വളം എന്നിവയുടെ ഉത്പാദനത്തിന് യുകെ ചുമത്തുന്ന കാർബണ്‍ നികുതി തുടങ്ങിയവയുടെ കാര്യത്തിലുള്ള അനിശ്ചിതത്വത്തെ തുടർന്നാണ് ചർച്ചകള്‍ വഴിമുട്ടിയത്.
ചർച്ചകള്‍ പൂർത്തിയായി കരാറിലേക്കെത്തിയതിനെ ചരിത്രപരമെന്നാണ് മോദി വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുന്നതിനൊപ്പം പലയിനങ്ങളിലും പരസ്പരം നികുതി കുറയ്ക്കുകയും ചെയ്യും.
യുഎസുമായുള്ള വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കും നിർണായകമാണ് സ്വതന്ത്ര വ്യാപാര കരാർ. മാത്രമല്ല, യൂറോപ്യൻ യൂണിയനില്‍നിന്ന് പുറത്തുകടന്നതിന് ശേഷം യുകെയെ സംബന്ധിച്ച് ഏറെ അത്യാവശ്യമായിരുന്നു ഇന്ത്യയെ പോലെയൊരു വിപണി ലഭിക്കുക എന്നത്.
കരാർ പ്രകാരം ഇന്ത്യയിലെ വാഹനവിപണിയിലേക്ക് ബ്രിട്ടീഷ് വാഹന നിർമാതാക്കള്‍ക്ക് സുഗമമായ പ്രവേശനം ലഭിക്കും. മാത്രമല്ല, യുകെയില്‍നിന്നുള്ള വിസ്കി, അത്യാധുനിക ഉപകരണങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ എന്നിവയ്ക്കും ഇന്ത്യയില്‍ നികുതി കുറയും.
ഇതിന് പുറമെ ഇന്ത്യയിലെ ടെലികോം, ബാങ്കിങ്, ഇൻഷുറൻസ് രംഗത്തേക്കും ബ്രിട്ടീഷ് കമ്പനികള്‍ എത്തിയേക്കും.
ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് യുകെയില്‍ കൂടുതല്‍ വിപണി തുറന്നുകിട്ടും. യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ പ്രവേശനവും എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐടി, ആരോഗ്യ മേഖലകള്‍ക്ക് പുറമെ ഇന്ത്യയുടെ ടെക്സ്റ്റൈല്‍, പാദരക്ഷ, കാർപ്പറ്റ്, സമുദ്രവിഭവങ്ങള്‍, മാമ്ബഴം, മുന്തിരി തുടങ്ങിയ മേഖലകള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഈ മേഖലകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് യുകെയില്‍ നികുതി കുറയും.
Share this:
- Click to share on Facebook (Opens in new window) Facebook
- Click to share on Telegram (Opens in new window) Telegram
- Click to share on WhatsApp (Opens in new window) WhatsApp
- Click to print (Opens in new window) Print
- Click to share on Threads (Opens in new window) Threads
- Click to share on X (Opens in new window) X
- More