ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഏറ്റെടുത്ത് എംഎ യൂസഫലി

ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ഏറ്റെടുത്ത് എംഎ യൂസഫലി

May 2, 2025 0 By BizNews

മാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പ് ഏറ്റെടുത്തു. ഇത് സംബന്ധിച്ച ദീര്‍ഘകാല കരാറില്‍ ലുലു ഗ്രൂപ്പും ഒമാന്‍ സര്‍ക്കാര്‍ സോവറീന്‍ ഫണ്ടായ തമാനി ഗ്ലോബലും തമ്മില്‍ ധാരണയായി.

ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് മുഹമ്മദ് അല്‍ യൂസഫ്, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഏ.വി. ആനന്ദും, തമാനി ഗ്ലോബല്‍ ബോര്‍ഡ് മെംബര്‍ അബ്ദുള്‍ അസീസ് അല്‍ മഹ്‌റൂഖിയുമാണ് കരാറില്‍ ഒപ്പ് വെച്ചത്.

രണ്ട് ദിവസമായി മസ്‌കത്തില്‍ നടക്കുന്ന ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. രണ്ടായിരം കോടി രൂപയുടെ (100 ദശലക്ഷം ഒമാനി റിയാല്‍) മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മാളിലെ സൗകര്യങ്ങള്‍ കൂടുതല്‍ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്താനും ഉപഭോക്തൃ സേവനം ഏറ്റവും മികച്ചതാക്കാനുമാണ് ലുലു ഹോള്‍ഡിങ്ങ്‌സും താമണി ഗ്ലോബലും കൈകോര്‍ക്കുന്നത്.

ഉപഭോക്താകള്‍ക്ക് ഏറ്റവും ആധുനിക സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പദ്ധതിയുടെ സ്റ്റ്രാറ്റജിക് അഡൈ്വസറായി താമണി ഗ്ലോബല്‍ ലുലു ഹോള്‍ഡിങ്ങിസിനൊപ്പം പ്രവര്‍ത്തിക്കും. ഇരുപത് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള മാള്‍ ഓഫ് മസ്‌കത്തില്‍ ഒമാന്‍ അക്വേറിയം, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, നോവോ സിനിമാസ് അടക്കം ഇരുനൂറോളം റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളുണ്ട്.

മാള്‍ ഓഫ് മസ്‌കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിനു അവസരം നല്‍കിയ ഒമാന്‍ സുല്‍ത്താനും ഒമാന്‍ ഭരണകൂടത്തിനും എം.എ. യൂസഫലി നന്ദി പറഞ്ഞു.

ഒമാന്‍ സുല്‍ത്താന്റെ ദീര്‍ഘവീക്ഷണമുള്ള നയങ്ങള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിതുറക്കുന്നുവെന്നും മികച്ച നിക്ഷേപസൗഹൃദ സാഹചര്യമാണ് ഒമാനിലുള്ളത്. ദീര്‍ഘകാല പ്രാധാന്യത്തോടെയുള്ള പങ്കാളിത്തമാണിതെന്നും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാകുകയാണ് ലക്ഷ്യമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

ആഗോള നിലവാരത്തിലുള്ള കൂടുതല്‍ സേവനം ലഭ്യമാക്കാന്‍ ലുലു ഹോള്‍ഡിങ്ങ്‌സുമായുള്ള സഹകരണം സഹായമാകുമെന്ന് തമാനി ഗ്ലോബല്‍ ബോര്‍ഡ് മെംബര്‍ അബ്ദുല്‍ അസീസ് സലിം അല്‍ മഹ്രുഖി പറഞ്ഞു.