ബ്രിട്ടീഷ് വാഹനങ്ങള്‍ക്ക് തീരുവയില്‍ ഇളവ് നല്‍കി ട്രംപ്

ബ്രിട്ടീഷ് വാഹനങ്ങള്‍ക്ക് തീരുവയില്‍ ഇളവ് നല്‍കി ട്രംപ്

May 10, 2025 0 By BizNews

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം ലോകത്താകമാനമുള്ള വാഹന വ്യവസായ മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജഗ്വാർ ലാൻഡ് റോവർ താത്കാലികമായി യുഎസിലേക്കുള്ള വാഹന കയറ്റുമതി നിർത്തുമെന്ന് പോലും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും തമ്മില്‍ ഉണ്ടാക്കിയ കരാർ ബ്രിട്ടീഷ് വാഹന മേഖലയ്ക്ക് വലിയ ആശ്വാസം പകരുന്നതാണ്.

ബ്രിട്ടണില്‍നിന്ന് അമേരിക്കയില്‍ എത്തുന്ന ആദ്യ ഒരുലക്ഷം വാഹനങ്ങള്‍ക്ക് 10 ശതമാനം തീരുവ മാത്രമായിരിക്കും ഈടാക്കുകയെന്നാണ് കരാറില്‍ പറയുന്നത്. ഇതിനുശേഷമുള്ള ഓരോ വാഹനത്തിന് 25 ശതമാനം ഇറക്കുമതി തീരുവ ഈടാക്കാനാണ് കരാറിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജഗ്വാർ ലാൻഡ് റോവർ, മിനി, റോള്‍സ് റോയിസ്, മക്ലാരൻ, ലോട്ടസ് തുടങ്ങിയ കമ്ബനികളുടെയെല്ലാം ചേർത്തുള്ള കയറ്റുമതി 2024-ല്‍ ഒരുലക്ഷം കടന്നിരുന്നു. എന്നാല്‍, ഈ വാഹനങ്ങള്‍ എല്ലാം ബ്രിട്ടണില്‍ നിർമിച്ചവയല്ലെന്നതാണ് ശ്രദ്ധേയം.

2024-ല്‍ ബ്രിട്ടണില്‍ നിന്ന് ഒരുലക്ഷം വാഹനങ്ങള്‍ മാത്രമാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്. 12 ബില്ല്യണ്‍ ഡോളറായിരുന്നു ഇതിന്റെ ആകെ മൂല്യം. 10 ശതമാനം പകരച്ചുങ്കം നിലനില്‍ക്കുന്നുണ്ടെങ്കിലും അലുമിനിയത്തിനും ഉരുക്കിനും പുതിയ വ്യാപാരനയം ഒരുക്കിയിട്ടുണ്ടെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.

ഈ വസ്തുക്കളുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് പൂജ്യത്തിലേക്ക് കുറച്ചിട്ടുണ്ടെന്നും, ബ്രിട്ടണില്‍ നിന്ന് നികുതിയില്ലാതെ തന്നെ യുഎസിലേക്ക് അലുമിനിയവും ഉരുക്കും കയറ്റുമതി ചെയ്യാമെന്നും അമേരിക്ക അറിയിച്ചു.

തീരുവയില്‍ കുറവ് വരുത്താൻ തീരുമാനിച്ചതിനെ ചരിത്രപരമായ നീക്കമെന്നാണ് യുകെ വിശേഷിപ്പിച്ചിരിക്കുന്നത്. വാഹന നിർമാതാക്കളുടെ നികുതി കുറയ്ക്കുകയും സ്റ്റീല്‍ കയറ്റുമതിക്കുള്ള തീരുവ വെട്ടിച്ചുരുക്കുകയും ചെയ്തതിലൂടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുകയും കയറ്റുമതികള്‍ക്ക് സ്ഥിരത ഉറപ്പാക്കുകയും ചെയ്യുമെന്നും ബ്രിട്ടണ്‍ അറിയിച്ചു.

വാഹനങ്ങളുടെ തീരുവ 10 ശതമാനമായി കുറയ്ക്കുന്നതിലൂടെ ലാൻഡ് റോവറിന് മാത്രം പ്രതിവർഷം കോടികണക്കിന് രൂപയുടെ ലാഭമുണ്ടാക്കുമെന്നും അധികൃതർ അറിയിച്ചു.