സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

സൗദി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

September 17, 2018 0 By

റിയാദ്: സൗദിയില്‍ എത്തുന്ന ഉംറ തീര്‍ഥാടകര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുമെന്ന് കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു. സൗദിയിലുളള 20 ലക്ഷം ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഓരോ വര്‍ഷവും രാജ്യത്തെത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ സഹായകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ദ്വൈവാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുളളത്. രാജ്യത്ത് മുപ്പതു രാജ്യങ്ങളില്‍നിന്നുള്ള ഇരുപതു ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണുള്ളത്. ഇതില്‍ 64 ശതമാനം വനിതകളാണ്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് മാനവശേഷി വികസന നിധിയുമായി സഹകരിച്ച് തൊഴില്‍ പരിശീലനം പദ്ധതി നടപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് സേവനം നല്‍കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. ഇതിന് പ്രത്യേക സംവിധാനം ഒരുക്കും. ആരോഗ്യസേവനങ്ങളുടെ നിരക്കുകള്‍ ഏകീകരിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. ആശുപത്രികള്‍ ഇല്ലാത്ത പ്രവിശ്യകളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. നിലവില്‍ 1.1 കോടി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകളാണ് രാജ്യത്തുള്ളത്. ഇതില്‍ 28 ലക്ഷം സ്വദേശികളും ബാക്കിയുള്ളവര്‍ വിദേശികളുമാണ്.