കൂടുതൽ ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ട് ഇൻഫോസിസ്

കൂടുതൽ ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ട് ഇൻഫോസിസ്

March 29, 2025 0 By BizNews

ബംഗളൂരു: മൈസൂരു കാമ്പസിൽ നിന്ന് കൂടുതൽ ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ട് ഇൻഫോസിസ്. ആഭ്യന്തര പരിശോധനകളിൽ പരാജയപ്പെട്ടവരെയാണ് പിരിച്ചുവിട്ടത്. 40ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. എന്നാൽ, ഇക്കുറി ട്രെയിനി ജീവനക്കാർക്ക് മറ്റ് ചില കരിയർ ഓപ്ഷനുകളും ഇൻഫോസിസ് നൽകുന്നുണ്ട്.

കമ്പനിയിൽ ബിസിനസ് പ്രൊസസ് മാനേജ്മെന്റ് തസ്തികയിൽ നിയമനം നൽകുമെന്നാണ് ഇൻഫോസിസ് അറിയിച്ചത്. 12 ആഴ്ചത്തെ ട്രെയിനിങ്ങിന് ശേഷമാവും ജീവനക്കാരെ നിയമിക്കുക. ട്രെയിനിങ്ങിന്റെ ചിലവ് ഇൻഫോസിസ് വഹിക്കും. ഒരു മാസത്തെ ശമ്പളം ആനുകൂല്യമായി നൽകാനും ഇൻഫോസിസിന് പദ്ധതിയുണ്ട്.

നേരത്തെ മികവ് പ്രകടിപ്പിക്കാത്തതിനെ തുടർന്ന് 100 കണക്കിന് ട്രെയിനി ജീവനക്കാരെ ഇൻഫോസിസ് പിരിച്ചുവിട്ടിരുന്നു. ഇന്റേണൽ അസസ്മെന്റിൽ പരാജയപ്പെട്ടവരെ ഇമെയിലിലൂടെ ഇക്കാര്യം ഇൻഫോസിസ് അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, പുതിയ പിരിച്ചുവിടലിനെ കുറിച്ച് ഇൻഫോസിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇൻഫോസിസിൽ ബി.പി.എം ജോലി തെരഞ്ഞെടുക്കാത്തവർക്ക് മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്ര സൗകര്യം നൽകുമെന്നും മൈസുരുവിൽ നിന്ന് പോകുന്നത് വരെ താമസൗകര്യം നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

നേരത്തെയുള്ള പിരിച്ചുവിടലിൽ ഇൻഫോസിസ് നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് കർണാടക തൊഴിൽ വകുപ്പ് കണ്ടെത്തിയിരുന്നു.