അദാനി എനര്‍ജിക്ക് ഗുജറാത്തില്‍ 2,800 കോടി രൂപയുടെ കരാര്‍

അദാനി എനര്‍ജിക്ക് ഗുജറാത്തില്‍ 2,800 കോടി രൂപയുടെ കരാര്‍

March 24, 2025 0 By BizNews

ര്‍ജ വിതരണവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ 2,800 കോടി രൂപയുടെ കരാര്‍ അദാനി എനര്‍ജി സൊലൂഷന്‍സ് സ്വന്തമാക്കി. ഇക്കാര്യം കമ്പനി പരസ്യപ്പെടുത്തിയതോടെ ഓഹരി വില വലിയ തോതില്‍ കുതിച്ചു.

ഗുജറാത്തിലെ മുന്ദ്ര തുറമുഖ നഗരത്തിലെ ഊര്‍ജ വിതരണ സംവിധാനം മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് അദാനി എനര്‍ജി സൊലൂഷന്‍സ് ഏറ്റെടുക്കുന്നത്. ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ എന്നിവയുടെ നിര്‍മാണത്തിനുള്ള ഗ്രീന്‍ ഇലക്ട്രോണ്‍സിന്റെ വിതരണമാണ് പ്രധാനമായും നടത്തുക.

മുന്ദ്രയിലെ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനുകളുടെ നവീകരണവും കരാറില്‍ ഉള്‍പ്പെടുന്നു. വിവിധ സബ്‌സ്റ്റേഷനുകളെ ബുജ് ഇലക്ട്രിക്കല്‍ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിന് 75 കിലോമീറ്റര്‍ ദൂരത്തില്‍ 765 കിലോവാട്ട് ഇരട്ട സര്‍ക്ക്യൂട്ട് ലൈനും സ്ഥാപിക്കുന്നുണ്ട്.

മേഖലയിലെ ഊര്‍ജ വിതരണ ശേഷി 87,186 മെഗവാട്ട് ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് കരാര്‍.

ഈ വര്‍ഷം അദാനി എനര്‍ജി സൊലൂഷന്‍സ് സ്വന്തമാക്കുന്ന ആറാമത്തെ വന്‍കിട പദ്ധതിയാണിത്. ഈ വര്‍ഷം 57,561 കോടി രൂപയുടെ കരാറുകളാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കമ്പനിയുടെ ഓഹരി വിലയില്‍ 26 ശതമാനം കുതിപ്പുണ്ടായി. വാര്‍ഷികാടിസ്ഥാനത്തില്‍ 5 ശതമാനമാണ് ഓഹരി വിലയിലുണ്ടായ വളര്‍ച്ച.