
പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നു
March 17, 2025 0 By BizNews
കൊച്ചി: നടപ്പുവിള സീസണില്‍ ഇന്ത്യയിലെ കരിമ്പ് ഉത്പാദനം 16.13 ശതമാനം ഇടിവോടെ 2.37 കോടി ടണ്ണായതോടെ വിപണിയില്‍ വിലക്കയറ്റ ഭീതി ശക്തമാകുന്നു.
പുതിയ സാഹചര്യത്തില്‍ ഇന്ധനത്തില്‍ എത്തനോള്‍ മിശ്രണം നടത്തുന്നതിനും കയറ്റുമതി ഉയർത്തുന്നതിനും സ്വീകരിച്ച നടപടികളില്‍ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ നിർബന്ധിതരായേക്കും.
കരിമ്പിന്റെ സംസ്‌കരണ സീസണ്‍ അവസാനിക്കാറായിരിക്കെ ഉത്പാദനത്തിലുണ്ടായ കനത്ത ഇടിവ് വിപണിയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുമെന്ന് നാഷണല്‍ ഫെഡറേഷൻ ഒഫ് കോ ഓപ്പറേറ്റീവ് ഷുഗർ ഫാക്‌ടറീസ്(എൻ.എഫ്.സി.എഫ്.എസ്) മുന്നറിയിപ്പ് നല്‍കി.
നടപ്പുസീസണില്‍ പഞ്ചസാര ഉത്പാദനം 3.33 കോടി ടണ്ണാകുമെന്നാണ് തുടക്കത്തില്‍ വിലയിരുത്തിയിരുന്നത്. ഈ കണക്കുകള്‍ പരിഗണിച്ചാണ് പത്ത് ലക്ഷം ടണ്‍ പഞ്ചസാരയുടെ കയറ്റുമതിക്ക് കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ ജനുവരിയില്‍ അനുമതി നല്‍കിയത്.
എന്നാല്‍ ഉത്പാദനം പ്രതീക്ഷിച്ച തോതില്‍ ഉയരാത്തതിനാല്‍ വിപണിയില്‍ പഞ്ചസാര ദൗർലഭ്യം രൂക്ഷമാകുകയാണെന്ന് എൻ.എഫ്.സി.എഫ്.എസ് വക്താവ് പറഞ്ഞു. ഉത്പന്ന ലഭ്യത കുറഞ്ഞതോടെ വരും ദിവസങ്ങളില്‍ പഞ്ചസാര വില കുതിച്ചുയരാൻ ഇടയുണ്ടെന്നും അവർ പറയുന്നു.
ഉത്പാദന ഇടിവ്
സംസ്ഥാനം മുൻവർഷത്തെ ഉത്പാദനം നടപ്പുവർഷത്തെ ഉത്പാദനം
മഹാരാഷ്‌ട്ര ഒരു കോടി ടണ്‍ 78.6 ലക്ഷം ടണ്‍
ഉത്തർപ്രദേശ് 88.5 ലക്ഷം ടണ്‍ 80.9 ലക്ഷം ടണ്‍
കർണാടക 49.5 ലക്ഷം ടണ്‍ 39.1 ലക്ഷം ടണ്‍