ബിഎസ്എൻഎൽ സബ്സ്ക്രൈബേഴ്സ് കുറയുന്നു; നേട്ടമുണ്ടാക്കി ജിയോയും, എയർടെല്ലും

ബിഎസ്എൻഎൽ സബ്സ്ക്രൈബേഴ്സ് കുറയുന്നു; നേട്ടമുണ്ടാക്കി ജിയോയും, എയർടെല്ലും

March 13, 2025 0 By BizNews

പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (BSNL) ഉപയോക്താക്കളുടെ എണ്ണത്തിൽ വീണ്ടും കുറവ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) കണക്കുകൾ പ്രകാരം 2024 ‍ഡിസംബറിൽ, തുടർച്ചയായ രണ്ടാം മാസവും ബി.എസ്.എൻ.എല്ലിന് ഉപയോക്താക്കളെ നഷ്ടപ്പെട്ടു.

2024 ജൂലൈയിൽ രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകളിൽ വർധന വരുത്തിയിരുന്നു. അതേ സമയം ബി.എസ്.എൻ.എൽ പ്ലാൻ നിരക്കുകൾ മാറ്റമില്ലാതെ തുടർന്നു. ഇതോടെ സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന് ബി.എസ്.എൻ.എല്ലിലേക്ക് ഉപയോക്താക്കളുടെ ഒഴുക്കുണ്ടായി.

എന്നാൽ ഈ ട്രെൻഡ് ചില മാസങ്ങൾ മാത്രമേ നീണ്ടു നിന്നിട്ടുള്ളൂ. നവംബറിലും, ഡിസംബറിലും ബി.എസ്.എൻ.എൽ ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായി.

താരതമ്യേന കുറഞ്ഞ താരിഫ് നിരക്കിന്റെ ബലത്തിൽ 2024 ജൂലൈ ഒക്ടോബർ കാലയളവിൽ കമ്പനി ഏകദേശം 7 മില്യൺ പുതിയ ഉപയോക്താക്കളെയാണ് നേടിയിരുന്നത്. എന്നാൽ 2024 നവംബറിൽ 344,473 കസ്റ്റമേഴ്സിനെയാണ് കമ്പനിക്ക് നഷ്ടമായത്.

തൊട്ടടുത്ത മാസം, ഡിസംബറിൽ 316,599 സബ്സ്ക്രേബേഴ്സിന്റെ എണ്ണത്തിലും കുറവുണ്ടായി.
2024 ഡിസംബർ അവസാനത്തെ കണക്കുകൾ പ്രകാരം ബി.എസ്.എൻ.എല്ലിന്റെ ആകെ ഉപയോക്താക്കളുടെ എണ്ണം 91.72 മില്യൺ എന്ന നിലയിലാണ്. നവംബർ അവസാനം ഇത് 92.05 മില്യൺ എന്ന തോതിലായിരുന്നു.

കൂടുതൽ ഉപയോക്താക്കളെ നേടി ജിയോ
അതേ സമയം റിലയൻസ് ജിയോ 2024 ഡിസംബർ പാദത്തിൽ കൂടുതൽ ഉപയോക്താക്കളെ നേടിയ ടെലികോം കമ്പനിയായി മാറി.

3.9 മില്യൺ സബ്സ്ക്രേബേഴ്സിനെയാണ് കമ്പനിക്ക് ലഭിച്ചത്. 2024 നവംബറിൽ 1.2 മില്യൺ പുതിയ ഉപയോക്താക്കളെ നേടാനും ജിയോയ്ക്ക് സാധിച്ചു. 2024 നവംബറിൽ ജിയോയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 461.2 മില്യൺ ആയിരുന്നത് ഡിസംബറിൽ 465.13 മില്യണായി വർധിച്ചു.

എയർടെല്ലിന്റെ തിരിച്ചു വരവ്
തുടർച്ചയായ അഞ്ച് മാസങ്ങളിൽ ഉപയോക്താക്കളെ നഷ്ടപ്പെട്ട ഭാരതി എയർടെൽ ഡിസംബറിൽ 1.03 മില്യൺ പുതിയ ഉപയോക്താക്കളെ നേടി തിരിച്ചു വരവ് നടത്തി. ഡിസംബർ അവസാനത്തിൽ കമ്പനിയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 385.3 മില്യണാണ്.

നഷ്ടം നേരിട്ട് വോഡഫോൺ ഐഡിയ
വോഡഫോൺ ഐഡിയയ്ക്ക് 2024 ഡിസംബറിൽ 1.71 മില്യൺ ഉപയോക്താക്കളെ നഷ്ടപ്പെട്ട്, ആകെ ഉപയോക്താക്കളുടെ എണ്ണം 207.25 മില്യണിലേക്ക് കുറഞ്ഞു. 2024 നവംബറിലെ 1.5 മില്യൺ ഉപയോക്താക്കളുടെ നഷ്ടത്തേക്കാൾ അധികമാണിത്.

പൊതുവായ കണക്കുകളിൽ ആകെ മൊബൈൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം വർധിച്ചിട്ടുണ്ട്. 2024 നവംബറിൽ 1.15 മില്യൺ എന്ന തോതിൽ നിന്ന് ഡിസംബറിൽ 2.01 മില്യൺ എന്ന നിലയിലേക്കാണ് വർധന. നഗര മേഖലകളിൽ 2.75 മില്യൺ സബ്സ്ക്രേബേഴ്സിന്റെ എണ്ണ വർധിച്ചപ്പോൾ, ഗ്രാമീണ മേഖലകളിൽ 740,000 സബ്സ്ക്രൈബേഴ്സ് വർധിച്ചു.

വിപണി വിഹിതം
ജിയോയുടെ വിപണി വിഹിതം 2024 നവംബറിൽ 40.15% ആയിരുന്നത് ഡിസംബറിൽ 40.42% എന്ന നിലയിലേക്ക് ഉയർന്നു. ഇതേ സമയം എയർടെല്ലിന്റെ വിപണി വിഹിതം 33.45% എന്ന നിലയിൽ നിന്ന് 33.49% എന്ന തോതിലെത്തി.

വോഡഫോണിന്റെ പങ്കാളിത്തം 18.19% എന്ന തോതിൽ നിന്ന് 18.01% എന്ന നിലയിലേക്ക് കുറഞ്ഞു. സമാന കാലയളവിൽ ബി.എസ്.എൻ.എൽ വിപണി പങ്കാളിത്തം 8.03% എന്ന നിലയിൽ നിന്ന് 7.99% എന്ന തോതിലേക്ക് താഴ്ച്ച നേരിട്ടു.