
അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിനിടെ ഇന്ത്യയുമായി സഹകരണ സാധ്യത തേടി ചൈന
March 8, 2025 0 By BizNews
ബെയ്ജിങ്: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവഭീഷണിക്കിടെ ഇന്ത്യയും ചൈനയും ഒന്നിച്ചുപ്രവർത്തിക്കണമെന്ന ആഹ്വാനവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി.
അധികാരരാഷ്ട്രീയത്തേയും ‘ഹെജിമണി’ (മേധാവിത്വം)യേയും എതിർക്കുന്നതില്‍ ഇരുരാജ്യങ്ങളും നേതൃപരമായ പങ്കുവഹിക്കണമെന്ന് വാങ് യി ആവശ്യപ്പെട്ടു. ‘വ്യാളിയും ആനയും ഒരുമിച്ച് നൃത്തം ചെയ്യുന്നത്’ മാത്രമാണ് ഇരുഭാഗത്തിനും ശരിയായ തീരുമാനമെന്നും ഇന്ത്യ- ചൈന സഹകരണത്തെ പരാമർശിച്ച് വാങ് യി പറഞ്ഞു.
പരസ്പരം തളർത്തുന്നതിന് പകരം പിന്തുണയ്ക്കുന്നതും സഹകരണം ശക്തിപ്പെടുത്തുന്നതുമാണ് തങ്ങളുടെ പ്രാഥമിക പരിഗണനയെന്നും വാങ് യി അഭിപ്രായപ്പെട്ടു.
ഏഷ്യയിലെ ഏറ്റവും വലിയ സാമ്ബത്തിക ശക്തികള്‍ ഒന്നിക്കുന്നതോടെ രാജ്യാന്തരബന്ധങ്ങള്‍ ജനാധിപത്യവത്കരിക്കപ്പെടും. ‘ഗ്ലോബല്‍ സൗത്തിന്റെ’ വികസനത്തിനും ശക്തിപ്പെടുത്തലിനും ശോഭനമായ ഭാവി ഉണ്ടാകുമെന്നും വാങ് യി കൂട്ടിച്ചേർത്തു.
ചൈനയും ഇന്ത്യയും വലിയ അയല്‍ക്കാരാണ്. ഇരുരാജ്യങ്ങളും പരസ്പരം വിജയത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളായിരിക്കണമെന്ന് ചൈന എപ്പോഴും വിശ്വസിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം പൗരന്മാരുടെ അടിസ്ഥാന താത്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കുമെന്നും വാങ് യി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും റഷ്യയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയും ചൈന സന്ദർശിച്ചിരുന്നു.
രണ്ടാഴ്ചമുമ്ബ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാങ് യിയുടെ പ്രസ്താവന.
Share this:
- Click to share on Facebook (Opens in new window) Facebook
- Click to share on Telegram (Opens in new window) Telegram
- Click to share on WhatsApp (Opens in new window) WhatsApp
- Click to print (Opens in new window) Print
- Click to share on Threads (Opens in new window) Threads
- Click to share on X (Opens in new window) X
- More