
ഇലക്‌ട്രിക് വാഹന കുതിപ്പിൽ ഇന്ത്യ ;രണ്ടുമാസം കൊണ്ട് രജിസ്റ്റർ ചെയ്തത് 1.30 ലക്ഷം വാഹനങ്ങൾ
February 28, 2025 0 By BizNewsകൊച്ചി: രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ട്രാക്കിന് വേഗം കൂടുന്നു. ഈ വർഷം ആദ്യ രണ്ടുമാസം കൊണ്ട് 1.30 ലക്ഷത്തോളം വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയില്‍ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2025 ജനുവരിയില്‍ 78,345 വൈദ്യുത വാഹനങ്ങളും ഫെബ്രുവരിയില്‍ 51,134 വാഹനങ്ങളുമാണ് രജിസ്റ്റർ ചെയ്തത്.
കേരളത്തില്‍ രണ്ടുമാസംകൊണ്ട് രജിസ്റ്റർ ചെയ്തത് 4,092 വൈദ്യുത വാഹനങ്ങളാണ്. ഇതില്‍ 2,591 എണ്ണം ജനുവരിയിലും 1,501 വാഹനങ്ങള്‍ ഫെബ്രുവരിയിലും രജിസ്റ്റർ ചെയ്തു.
വൈദ്യുത വാഹനങ്ങള്‍ക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ചാർജിങ് സ്റ്റേഷനുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഉപഭോക്താക്കള്‍ക്ക് ഇ.വി.യോടുള്ള പ്രിയം കൂട്ടുന്നു. ഇതാണ് രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ട്രാക്കിന് വേഗം കൂട്ടുന്നത്.
2024-ല്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന ഏതാണ്ട് 27 ശതമാനത്തോളം വർധിച്ചതായാണ് കണക്ക്. യാത്രാ വാഹനങ്ങളില്‍ ഇ.വി.ക്കുള്ള സ്വീകാര്യത 2.6 ശതമാനം വർധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
മുന്നില്‍ ഇവർ
വൈദ്യുത യാത്രാ വാഹനങ്ങളില്‍ ടാറ്റയാണ് നേതൃനിരയിലുള്ളത്. ഇരുചക്ര വൈദ്യുത വാഹന വിപണിയില്‍ ടി.വി.എസ്., ബജാജ് ഓട്ടോ, ഹീറോ മോട്ടോ കോർപ് എന്നിവയും മുൻനിരയിലുണ്ട്. ട്രക്കുകളും വാനുകളുമടക്കം വൈദ്യുത വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലും മാറ്റം പ്രകടമാണ്.
മാരുതി മുതല്‍ വിൻഫാസ്റ്റ് വരെ
പുതിയ വൈദ്യുത മോഡലുകള്‍ നിരത്തിലെത്തിക്കാനുള്ള മത്സരത്തിലാണ് കാർ കമ്ബനികള്‍. മാരുതിയുടെ ആദ്യ ഇലക്‌ട്രിക് കാറായ ഇ-വിറ്റാര മുതല്‍ വിയറ്റ്നാമീസ് കാർ കമ്ബനിയായ വിൻഫാസ്റ്റിന്റെ വൈദ്യുത മോഡലുകള്‍ വരെ ഈ വർഷം രാജ്യത്ത് നിരത്തിലെത്തിക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് കമ്ബനികള്‍.
26-ഓളം വൈദ്യുത മോഡലുകളാണ് ജനുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ വിവിധ കാർ കമ്ബനികള്‍ രാജ്യത്തിന് പരിചയപ്പെടുത്തിയത്.
ഈ വർഷം മാത്രം 30-35 പുതിയ വൈദ്യുത മോഡലുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030-ഓടെ മാരുതി നാല് ഇ.വി. മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
മാരുതി കൂടി കളത്തിലിറങ്ങുന്നതോടെ മത്സരം കടുക്കും. ഇരുചക്ര വാഹനങ്ങള്‍ മുതല്‍ വാണിജ്യ വാഹനങ്ങള്‍ വരെ ഇ.വി.യില്‍ മികച്ച വളർച്ചയുണ്ടാക്കുമെന്നാണ് വിപണിയില്‍നിന്നുള്ള പ്രതികരണം.
ഇരുചക്രത്തിന് കൂടുതല്‍ വേഗം
ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയില്‍ മുന്നിലുള്ളത് ഇരുചക്രവാഹന വിഭാഗമാണ്. അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ വിപണി മൂന്നുമടങ്ങ് വളരുമെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍.
വില്‍ക്കുന്ന അഞ്ച് ഇരുചക്ര വാഹനങ്ങളില്‍ രണ്ടെണ്ണം ഇ.വി.യായിരിക്കുമെന്നും വിപണി നിരീക്ഷിക്കുന്നു. ഇ.വി. സ്കൂട്ടറുകള്‍ക്കുള്ള ഡിമാൻഡ് വലിയ തോതില്‍ വർധിച്ചിട്ടുണ്ട്.
2024-ലെ ഇരുചക്രവാഹന വില്‍പ്പനയില്‍ ഏതാണ്ട് 6.1 ശതമാനം ബാറ്ററിയില്‍ പ്രവർത്തിക്കുന്ന മോഡലുകളാണെന്നാണ് കണക്ക്.