
പുതിയ ഐഫോൺ 16ഇ നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചു
February 25, 2025 0 By BizNews
കാലിഫോര്‍ണിയ: ടെക്ക് ഭീമനായ ആപ്പിൾ അടുത്തിടെ ഐഫോൺ 16ഇ (iPhone 16e) പുറത്തിറക്കിയിരുന്നു. കമ്പനിയുടെ നിരയിലെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലാണിത്.
ഐഫോൺ എസ്ഇയുടെ പിൻഗാമിയായ ഈ ഫോൺ ഫെബ്രുവരി 19നാണ് ഇന്ത്യയിൽ 59,900 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയത്. ഫെബ്രുവരി 21ന് പ്രീ-ഓർഡറുകളും ആരംഭിച്ചു, ഫെബ്രുവരി 28ന് ഐഫോണ്‍ 16ഇ-യുടെ ഔദ്യോഗിക വിൽപ്പനയും ഡെലിവറിയും ആരംഭിക്കും.
ഇപ്പോഴിതാ വിൽപ്പനയ്ക്ക് വരുന്നതിന് മുന്നോടിയായി ഇന്ത്യയിൽ ഇതിന്‍റെ അസംബ്ലിംഗ് ജോലികൾ ആരംഭിച്ചതായിട്ടാണ് പുതിയ റിപ്പോർട്ടുകൾ. ചൈനയ്ക്ക് പുറത്തേക്ക് ഉൽപ്പാദനം വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ തന്ത്രത്തിന്‍റെ ഭാഗമായി പ്രാദേശിക വിപണികളെയും കയറ്റുമതിയെയും ലക്ഷ്യം വച്ചാണ് ഉത്പാദനം.
ഐഫോൺ 16e ഉൾപ്പെടെയുള്ള മുഴുവൻ ഐഫോൺ 16 ലൈനപ്പും ഇന്ത്യൻ ഉപഭോക്താക്കൾക്കും തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നതിനുമായി ഇന്ത്യയിൽ അസംബിൾ ചെയ്യുന്നു എന്ന് ആപ്പിൾ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ആപ്പിളിന്‍റെ നിർമ്മാണ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം.
ഐഫോൺ 16 പ്രോ മോഡലുകൾ ഇന്ത്യയിൽ അസംബിള്‍ ചെയ്യാനുള്ള ആപ്പിളിന്‍റെ തീരുമാനം ഒരു ചരിത്ര നാഴികക്കല്ലാണ്.
മുമ്പ്, ഈ ഉയർന്ന നിലവാരമുള്ള മോഡലുകൾ ഫോക്‌സ്‌കോൺ, പെഗാട്രോൺ, വിസ്ട്രോൺ തുടങ്ങിയ പങ്കാളികളുമായി ചേർന്ന് ചൈനയിൽ മാത്രമാണ് അസംബിൾ ചെയ്തിരുന്നത്.
തുടക്കത്തിൽ, ഐഫോൺ 16 പ്രോ യൂണിറ്റുകളിൽ ചൈനയിൽ അസംബിൾ ചെയ്‌തു എന്ന ലേബൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇന്ത്യയിൽ അസംബിൾ ചെയ്‌തു എന്ന ലേബലുള്ള എന്ന പതിപ്പുകളും ഉൾപ്പെടുത്തി.
മറ്റ് നിരവധി ഐഫോൺ മോഡലുകൾ ഇതിനകം തന്നെ ഇന്ത്യയിൽ അസംബിൾ ചെയ്യുന്നുണ്ട്. ഇതിൽ ഐഫോൺ 14, ഐഫോൺ 15, മുഴുവൻ ഐഫോൺ 16 സീരീസും ഉൾപ്പെടുന്നു. ചൈനീസ് നിർമ്മാണ സൗകര്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ആപ്പിളിന്‍റെ പുതിയ തന്ത്രത്തിന്‍റെ ഭാഗമായാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഇന്ത്യയിലെ റീട്ടെയിൽ സൗകര്യങ്ങളും ആപ്പിൾ വികസിപ്പിക്കുന്നുണ്ട്. ദില്ലി, മുംബൈ സ്റ്റോറുകൾക്ക് പുറമേ, രാജ്യത്ത് നാല് സ്റ്റോറുകൾ കൂടി തുറക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് 2024 നവംബറിൽ സ്ഥിരീകരിച്ചിരുന്നു.
ബെംഗളൂരു, പൂനെ, ദില്ലി-എൻസിആർ മേഖല എന്നിവിടങ്ങളിൽ കമ്പനി പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറക്കും. മുംബൈയിലും പുതിയൊരു റീട്ടെയിൽ സ്റ്റോർ തുറക്കും.
ഇന്ത്യൻ വിപണിയോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട്, അടുത്തിടെ ആപ്പിൾ ഇന്ത്യയിൽ ആപ്പിൾ സ്റ്റോർ ആപ്പ് പുറത്തിറക്കിയിരുന്നു. വർഷങ്ങളായി മറ്റ് വിപണികളിൽ ആപ്പിൾ സ്റ്റോർ ആപ്പ് ലഭ്യമാണ്. എങ്കിലും ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇത് ലഭ്യമായിരുന്നില്ല.
ഉപഭോക്താക്കൾക്ക് ആക്‌സസ് ഉള്ള ഫിസിക്കൽ സ്റ്റോർ, അംഗീകൃത വിൽപ്പനക്കാർ, മൂന്നാം കക്ഷി റീട്ടെയിലർമാർ എന്നിവയ്‌ക്ക് പുറമേ, രാജ്യത്തെ ആപ്പിൾ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള ആക്‌സസ് സുഗമമാക്കുക എന്നതാണ് ആപ്പിൾ സ്റ്റോർ ആപ്പിന്‍റെ ലക്ഷ്യം.