2030-ഓടെ രാജ്യത്തെ വാഹനവിൽപ്പനയുടെ 35 % ഇ.വികളാകും; 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും
January 23, 2025 0 By BizNews2030ഓടെ രാജ്യത്തെ വാഹന വില്‍പ്പനയുടെ 35 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് വിലയിരുത്തല്‍. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവാണ് ഇക്കാര്യം പറഞ്ഞത്.
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇ.വി. വില്‍പ്പന ഒരു കോടി യൂണിറ്റുകളായി ഉയരുമെന്നും 50 ലക്ഷം തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (എസ്.ഐ.എ.എം) സംഘടിപ്പിച്ച ഇന്റർനാഷണല്‍ കോണ്‍ഫറൻസ് ഓണ്‍ സസ്റ്റൈനബിള്‍ സർക്കുലേറ്ററിയില് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘2030-ഓടെ രാജ്യത്തെ ആകെ വാഹന വില്‍പ്പനയുടെ 50 ശതമാനമായി വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന ഉയരണം. മലിനീകരണം പൂജ്യമാക്കുക (സീറോ എമിഷൻ) എന്ന ലക്ഷ്യം 2070 ആകുമ്ബോഴേക്ക് കൈവരിക്കാൻ ഇത് അനിവാര്യമാണ്.
സമാനമായ ജനസംഖ്യയുള്ള രാജ്യങ്ങളേക്കാള്‍ കൂടുതല്‍ കാറുകളാണ് ഇന്ത്യയില്‍ ഒരുവർഷം വിറ്റുപോകുന്നത്. ഈ നേട്ടം കൈവരിച്ച നമുക്ക് അന്തരീക്ഷം മലിനമാക്കാതിരിക്കാനും പരിസ്ഥിതി സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം കൂടിയുണ്ട്.
വാഹനവില്‍പ്പന ഉയരുന്നത് സമ്ബദ്വ്യവസ്ഥയ്ക്ക് നല്ലവാർത്തയാണ്. നമ്മള് ഒന്നിച്ച് പ്രവർത്തിച്ചാല്‍ അത് പരിസ്ഥിതിക്ക് മോശം വാർത്തയാകുന്നില്ല എന്ന് ഉറപ്പുവരുത്താം.’ -ഭൂപേന്ദർ യാദവ് പറഞ്ഞു.
വൈദ്യുതവാഹനങ്ങളുടെ വില്‍പ്പന 2030-ഓടെ 35 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ 2070-ല്‍ ‘സീറോ എമിഷൻ’ എന്ന ലക്ഷ്യത്തിലെത്തണമെങ്കില്‍ ഇത് 50 ശതമാനമായി ഉയരണം. 2030-ഓടെ കാർബണ്‍ ഡൈ ഓക്സൈഡ് ബഹിർഗമനം അഞ്ച് മെട്രിക് ടണ്‍ കുറയ്ക്കാൻ വൈദ്യുത വാഹനങ്ങള്‍ക്ക് കഴിയും.
ഈ ദശകത്തിന്റെ അവസാനത്തോടെ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന ഒരുകോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് 50 ലക്ഷം തൊഴിലുകളാണ് സൃഷ്ടിക്കുക. -കേന്ദ്രമന്ത്രി പറഞ്ഞു.
‘പഴയ വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദ മാർഗത്തില്‍ പൊളിക്കുന്നത് സംബന്ധിച്ച നിയമം ഉടൻ നടപ്പിലാക്കും. കാലാവധി അവസാനിച്ച വാഹനങ്ങള്‍ കൈകാര്യം ചെയ്യുകയും സുരക്ഷിതമായി അവ പൊളിക്കുകയും ചെയ്യുന്നത് സംബന്ധിച്ച നിയമമാകും നടപ്പാക്കുക.
വാഹന നിർമാതാക്കള്‍ക്കും, ഉടമകള്‍ക്കും, പൊളിക്കുന്ന സ്ഥാപനങ്ങള്‍ക്കും അടക്കമുള്ളവയ്ക്ക് ബാധകമായ നിയമമായിരിക്കും അത്. ഇതിന് പുറമെയാണ് ഇ.വികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയവും കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്.’
വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള രണ്ട് സുപ്രധാന പദ്ധതികളെ കുറിച്ച് മന്ത്രി പ്രത്യേകമായി പറഞ്ഞു. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവർക്ക് അനുവദിക്കുന്ന ഇളവും ചാർജിങ് സൗകര്യങ്ങള്‍ക്ക് പിന്തുണയും നല്കുന്ന ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍ (FAME-ഫെയിം), വ്യത്യസ്ത മേഖലകളിലെ ഉത്പാദനത്തിന് ഇൻസെന്റീവ് നല്കുന്ന പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (PLI) എന്നിവയെ കുറിച്ചാണ് മന്ത്രി പറഞ്ഞത്.
ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 10,000 കോടി രൂപയാണ് സർക്കാർ നീക്കിവെച്ചത്. മരം നടുന്നതും കാർബണ്‍ ഫൂട്ട്പ്രിന്റ് കുറയ്ക്കാനുള്ളതും ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങള്‍ സന്നദ്ധമായി ചെയ്യുന്നവർക്ക് പാരിതോഷികം നല്‍കാനുള്ള ഗ്രീൻ ക്രെഡിറ്റ് പദ്ധതിയിലേക്ക് എസ്.ഐ.എ.എമ്മിനെ മന്ത്രി ക്ഷണിച്ചു.
വാഹന വ്യവസായ ലോകത്തിന് പദ്ധതിയിലേക്ക് ഒരുപാട് സംഭവാന നല്‍കാനും നേട്ടങ്ങള്‍ കൈവരിക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.