ഓഹരി വിപണിയിൽ കൂടുതൽ മൂലധന നിക്ഷേപം നടത്താൻ ചൈന

ഓഹരി വിപണിയിൽ കൂടുതൽ മൂലധന നിക്ഷേപം നടത്താൻ ചൈന

January 23, 2025 0 By BizNews

ബാങ്കോക്ക്: പൗരൻമാരെ� കൂടുതൽ ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ട് ആഭ്യന്തര ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താൻ ചൈനയുടെ നീക്കം. മ്യൂച്വൽ ഫണ്ടുകളിൽ ‘എ ഷെയർ’ എന്ന് വിളിക്കുന്ന ഓൺഷോർ സ്റ്റോക്കുകളുടെ ഹോൾഡിങ്ങിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷം 10ശതമാനം എങ്കിലും നിക്ഷേപം വർധിപ്പിക്കു​മെന്ന് ചൈനീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൊമേഴ്‌സ്യൽ ഇൻഷുറൻസ് ഫണ്ടുകൾ ഈ വർഷം മുതൽ അവരുടെ വാർഷിക പുതിയ പ്രീമിയം വരുമാനത്തിന്റെ 30 ശതമാനം ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിക്കും. കുറഞ്ഞത് നൂറുകണക്കിന് ബില്യൺ യുവാൻ ദീർഘകാല ഫണ്ടുകളെങ്കിലും എ ഷെയറുകളിലേക്കും ഓരോ വർഷവും കൂട്ടിച്ചേർക്കപ്പെടും -ചൈന സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ വു ക്വിംഗ് പറഞ്ഞു.

പെൻഷൻ ചുമതലയുള്ള മന്ത്രാലയങ്ങളും സെൻട്രൽ ബാങ്കും ഉൾപ്പെടെയുള്ള ഉന്നത സാമ്പത്തിക ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം. പ്ലാനിന്റെ വിവിധ നടപടികൾ നടപ്പിലാക്കുന്നതോടെ ഇടത്തരം, ദീർഘകാല ഫണ്ടുകളുടെ ഇക്വിറ്റി അലോക്കേഷൻ ശേഷി വർധിപ്പിക്കുകയും നിക്ഷേപത്തിന്റെ തോത് ക്രമാനുഗതമായി വികസിപ്പിക്കുകയും മൂലധന വിപണിയിലെ ഫണ്ടുകളുടെ വിതരണവും ഘടനയും മെച്ചപ്പെടുത്തുകയും മൂലധന വിപണി വീണ്ടെടുക്കുന്നതിനുള്ള നല്ല സാഹചര്യങ്ങൾ ഏകീകരിക്കുകയും ചെയ്യും -വൂ പറഞ്ഞു.

ജനുവരി 29ന് ആരംഭിക്കുന്ന ചൈനയിലെ ഈ വർഷത്തെ ഏറ്റവും വലിയ അവധിക്കാലമായ ചാന്ദ്ര പുതുവർഷത്തിന് തൊട്ടുമുമ്പാണ് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഈ നീക്കം പ്രഖ്യാപിച്ചത്. കുടുംബങ്ങൾ ഭക്ഷണത്തിനും യാത്രക്കും പണത്തിനു വേണ്ടി ഓടിനടക്കുന്ന സമയമാണിത്. പ്രഖ്യാപനത്തിനുശേഷം വ്യാഴാഴ്ച രാവിലെ ഹോങ്കോങ്ങിലെയും ഷാങ്ഹായിലെയും വിപണികൾ ഉയർന്നെങ്കിലും പിന്നീട് നഷ്ടം രേഖ​പ്പെടുത്തി. ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.5ശതമാനം ഉയർന്നപ്പോൾ ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 0.4ശതമാനം ഇടിഞ്ഞു.

ചൈനയുടെ ഓഹരി വിപണികൾ വളരെ വലുതാണ്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് അവ അവരുടെ ഏറ്റവും ഉയർന്ന മൂല്യത്തിലെത്തിയെങ്കിലും അതിനുശേഷം വളരെ താഴേക്കു പതിച്ചു. ഓഹരി വിലയിലെ നേട്ടങ്ങളുടെ അഭാവം ചൈനീസ് കുടുംബങ്ങളെ ചെലവിടുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തി. ഉപഭോക്തൃ ഡിമാൻഡും സാമ്പത്തിക വളർച്ചയും കുറയാൻ തുടങ്ങി.

1990കളുടെ തുടക്കത്തിൽ സ്ഥാപിതമായ ചൈനീസ് വിപണികൾ, വൻതോതിലുള്ള ഓഹരി ഓഫറുകൾക്ക് തുടക്കമിട്ടെങ്കിലും ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ തുടരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ധനസമാഹരണ വാഹനങ്ങളായി പ്രവർത്തിക്കുകയാണ്.

കൂടുതൽ ചെലവാക്കാനും കുറച്ച് ലാഭിക്കാനും ആളുകളെ പ്രേരിപ്പിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾക്ക് സമ്മിശ്ര പ്രതികരണമാണ്.