പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്

പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്

January 14, 2025 0 By BizNews

ന്ത്യയിലെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് 2025- 26 ബജറ്റ് കൂടുതല്‍ ഉത്തരങ്ങള്‍ നല്‍കിയേക്കുമെ്ന്ന് വിദഗ്ധര്‍. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതടക്കം ധീരമായ നടപടികള്‍ ഇത്തവണ പ്രഖ്യാപിച്ചിരുന്നു.

മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പൈലറ്റ് പദ്ധതിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ സ്‌റ്റൈപ്പന്‍ഡ് ഉയര്‍ത്താന്‍ സാധ്യതയില്ല. നിലവില്‍ പദ്ധതി പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പന്‍ഡും, ചേരുമ്പോള്‍ 6,000 രൂപ ഒറ്റത്തവണ പേയ്മെന്റും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതു ഇതേപടി തുടര്‍ന്നേക്കാം. വളരെ ചുരുങ്ങിയ സമയം കൊ്ണ്ട് പദ്ധതിക്കു മികച്ച പ്രതികരണമാണ് വിപണികളില്‍ ലഭിക്കുന്നത്.

2024 സാമ്പത്തിക വര്‍ഷത്തില്‍ പൈലറ്റ് പദ്ധതി അവതരിപ്പിക്കുമ്പോള്‍ 8 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്കു മാത്രമായിരുന്നു പദ്ധതിക്കു കീഴില്‍ അവസരം ഉണ്ടായിരുന്നത്.

സര്‍ക്കാര്‍ ജോലിയുള്ള കുടുംബങ്ങള്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയില്ലായിരുന്നു. മെഡിസിന്‍, സാങ്കേതികവിദ്യ, നിയമം അല്ലെങ്കില്‍ മാനേജ്‌മെന്റ് എന്നിവയില്‍ പ്രൊഫഷണല്‍ ബിരുദങ്ങള്‍ ഉള്ളവര്‍ക്കും പദ്ധതി ലഭ്യമല്ലായിരുന്നു.

എന്നാല്‍ ഇത്തവണ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഇളവ് അനുവദിച്ചേക്കാമെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 3 ന് ആരംഭിച്ച പൈലറ്റ് പ്രോജക്റ്റിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 6,21,000 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം 1,27,000 തൊഴില്‍ അവസരങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷം ആളുകള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണിത്. രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് ഒരുപരിധിവരെ പരിഹാരം കാണാനും പദ്ധതി ഉപകരിക്കും.

ബിസിനസുകള്‍ വാഗ്ദാനം ചെയ്യുന്ന 2 ദശലക്ഷം ഇന്റേണ്‍ഷിപ്പുകള്‍ എന്ന വാര്‍ഷിക ലക്ഷ്യത്തിലേക്കാണ് കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്. ഇതോടകം പദ്ധതിക്കു കീഴില്‍ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ വലിയ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് ആരംഭിച്ചിട്ടുണ്ട്.

പൈലറ്റിന് കഴിഞ്ഞ ബജറ്റില്‍ 2,000 കോടി രൂപ അനുവദിച്ചിരുന്നു. വരുന്ന ബജറ്റില്‍ ഈ വിഹിതം ഉയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പിഎം ഇന്റേണ്‍ഷിപ്പ് പദ്ധതി പലരും കരിയറിന്റെ തുടക്കമായാണു വീക്ഷിക്കുന്നത്. സ്‌റ്റൈപ്പന്‍ഡ് കുറവാണെങ്കിലും പദ്ധതിക്കു സ്വീകാര്യത വര്‍ധിക്കാനുള്ള കാരണം ഇതാണ്.

യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ എന്നും ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമാണ്. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 54% യുവാക്കള്‍ മാത്രമേ ജോലിക്ക് തയ്യാറുള്ളവരായി കണക്കാക്കപ്പെടുന്നുള്ളൂ.

അക്കാദമിക് പഠനവും, വ്യവസായ ആവശ്യകതകളും തമ്മിലുള്ള വിടവ് നികത്തേണ്ടതിന്റെ ആവശ്യകത വിദഗ്ധര്‍ ഉയര്‍ത്തികാട്ടുന്നു. പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീമിന്റെ പ്രസക്തിയും ഇതുതന്നെ.