നിരക്ക് കുറച്ച് യു.എസ് ഫെഡ് റിസര്‍വ്

നിരക്ക് കുറച്ച് യു.എസ് ഫെഡ് റിസര്‍വ്

December 19, 2024 0 By BizNews
rate cut by the U.S. Fed Reserve

വാഷിംഗ്‌ടൺ: പ്രതീക്ഷിച്ചതുപോലെ യു.എസ് ഫെഡറല്‍ റിസർവ് നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി. ഇതോടെ ഫെഡ് നിരക്ക് 4.25-4.50 ശതമാനം ആയി. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ 2021 മുതല്‍ നടപ്പാക്കിയ കർശന പണനയത്തിന് കാര്യമായ ഇളവ് ഇതിനകം നല്‍കിക്കഴിഞ്ഞു.

മൂന്ന് തവണയായി ഒരു ശതമാനത്തോളം നിരക്ക് കുറച്ചു. ഫെഡ് നിരക്കിനൊപ്പം റിവേഴ്സ് റിപ്പോ നിരക്കും പരിഷ്കരിച്ചു. 4.55 ശതമാനത്തില്‍നിന്ന് 30 ബേസിസ് പോയന്റ് കുറവാണ് വരുത്തിയത്. ഇതോടെ റിവേഴ്സ് റിപ്പോ 4.25 ശതമാനമായി.

നവംബറിലെ റീട്ടെയില്‍ ഉപഭോഗം ഉള്‍പ്പടെയുള്ള സാമ്പത്തിക സൂചകങ്ങള്‍, ശക്തമായ വളർച്ച, തൊഴിലില്ലായ് നിരക്കിലെ കുറവ് തുടങ്ങിയവ പരിഗണിച്ചാണ് ഫെഡിന്റെ തീരുമാനം. അതേസമയം, പണപ്പെരുപ്പം കൂടുന്ന പ്രവണതയാണ് കാണുന്നത്.

ഇപ്പോഴും ഉയർന്ന നിരക്കില്‍ തുടരുന്നത് വിലക്കയറ്റത്തിന്റെ വേഗം കുറയ്ക്കുമെന്ന് ഫെഡ് മേധാവി ജെറോം പവല്‍ പ്രതികരിച്ചു. മാന്ദ്യം ഒഴിവാക്കാനായത് വലിയ നേട്ടമായി കരുതുന്നു. ഈ വർഷത്തെ വളർച്ച ശുഭസൂചനയാണെന്നും പവല്‍ വിലയിരുത്തുന്നു.

ജനുവരി 20നാണ് ട്രംപ് അധികാരമേല്‍ക്കുക. തുടർന്നുള്ള യോഗം ജനുവരി 28-29 തിയതികളില്‍ നടക്കും. ഈ യോഗത്തില്‍ നിലവിലുള്ള നിരക്ക് നിലനിർത്തിയേക്കുമെന്നാണ് വിലയിരുത്തല്‍.

കുത്തനെ ഇടിഞ്ഞ് വാള്‍സ്ട്രീറ്റ്
ഫെഡ് നിരക്ക് കാല്‍ ശതമാനം കുറച്ചതിനെ തുടർന്ന് യുഎസിലെ ഓഹരി സൂചികകള്‍ കുത്തനെ ഇടിവ് നേരിട്ടു. എസ്‌ആൻഡ്പി 500 മൂന്ന് ശതമാനവും നാസ്ദാക്ക് 3.6 ശതമാനവും ഇടിവ് നേരിട്ടു.

വരുംവർഷത്തെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചത്. നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തുമെന്ന് വിപണി പ്രതീക്ഷിച്ചിരുന്നു.