എസ്എംഇ ഐപിഒ: 50 ശതമാനം ഓഹരികളും നഷ്ടത്തില്‍
December 14, 2024 0 By BizNewsമുംബൈ: എസ്എംഇ ഐപിഒകള്‍ പലതും ഈ വര്‍ഷം നിക്ഷേപകര്‍ക്ക് ലാഭം സമ്മാനിച്ചെങ്കിലും നഷ്ടം വരുത്തിവെച്ച എസ്എംഇ ഓഹരികളുടെ പട്ടിക നീണ്ടതാണ്. ഈ വര്‍ഷം ഐപിഒ നടത്തിയ എസ്എംഇ ഓഹരികളില്‍ 50 ശതമാനവും ലിസ്റ്റ് ചെയ്ത ദിവസം ക്ലോസ് ചെയ്ത വിലയേക്കാള്‍ താഴെയാണ് ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. അമിതവിലയില്‍ പബ്ലിക് ഇഷ്യു നടത്തിയ എസ്എംഇ ഐപിഒകള്‍ക്കാണ് തിരിച്ചടി നേരിടേണ്ടി വന്നത്. അടിസ്ഥാനപരമായ മികവ് ഇല്ലാത്തതും പല ഓഹരികള്‍ക്കും തിരിച്ചടിയായി.
അതേ സമയം ഏകദേശം 19 എസ്എംഇ ഐപിഒകള്‍ പല മടങ്ങ് നേട്ടം നല്കുന്ന മള്‍ട്ടിബാഗറുകളായി മാറി. ഏറ്റവും ഉയര്‍ന്ന നേട്ടം നല്കിയ എസ്എംഇ ഓഹരി തീര്‍ത്ത് ഗോപികോണ്‍ ആണ്- 372 ശതമാനം. ഒവൈസ് മെറ്റല്‍ ആന്‍ഡ് മിനറല്‍ പ്രോസസ്സിംഗ്, എന്‍സര്‍ കമ്മ്യൂണിക്കേഷന്‍സ് എന്നിവ ലിസ്റ്റിംഗ് ദിവസം ക്ലോസ് ചെയ്ത വിലയില്‍ നിന്നും 300 ശതമാനത്തിലധികം ഉയര്‍ന്നു.
ഈ വര്‍ഷം വിപണിയിലെത്തിയ 174 എസ്എംഇ ഐപിഒകളില്‍ 40 എണ്ണം മാത്രമാണ് 25 ശതമാനമോ അതില്‍ കൂടുതലോ നേട്ടം നല്‍കിയത്. പരമാവധി 90 ശതമാനം പ്രീമിയത്തോടെ മാത്രമേ എസ്എംഇ ഐപിഒകള്‍ ലിസ്റ്റ് ചെയ്യാന്‍ പാടുള്ളൂവെന്ന് എന്‍എസ്ഇയുടെ നിബന്ധനയുണ്ട്. എസ്എംഇ ഐപിഒ വിപണിയില്‍ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള അമിതമായ വ്യാപാരം നടക്കുന്ന സാഹചര്യത്തിലാണ് എന്‍എസ്ഇ ഈ നിബന്ധന കൊണ്ടുവന്നത്.
എസ്എംഇ വിപണിയില്‍ ശക്തമായ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചാഞ്ചാട്ടം നിലനില്‍ക്കുന്നതിനാല്‍ തുടര്‍ന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.