രശ്മി സലൂജ-ഏറ്റവുമധികം ശമ്പളം വാങ്ങുന്ന വനിതാ സി.ഇ.ഒ
December 16, 2024വാർഷിക ശമ്പളം 68.86 കോടി രൂപ. രാജ്യത്ത് ഒരു വനിത സി.ഇ.ഒക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വേതനം. നിക്ഷേപ, സാമ്പത്തിക സേവന കമ്പനിയായ റെലിഗെർ എൻറർപ്രൈസസ് എക്‌സിക്യൂട്ടിവ് ചെയർപേഴ്‌സൻ ഡോ. രശ്മി സലൂജക്കാണ് ഈ റെക്കോഡ് പ്രതിഫലം. 2023-24 സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ സി.ഇ.ഒമാരിൽ ഏഴാമതാണിവർ.
ബാങ്കിങ്, ഇൻഷുറൻസ് മേഖലയിലെ ഒരു കമ്പനിയുടെ തലപ്പത്തുനിന്ന് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ പ്രഫഷനലാണിവർ. പൂനവാല ഫിൻകോർപിന്റെ മാനേജിങ് ഡയറക്ടർ അഭയ് ഭൂതാദയാണ് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത്. 2024 സാമ്പത്തിക വർഷത്തിൽ 241 കോടി രൂപയാണ് നേടിയത്. ഐ.ടി കമ്പനിയായ വിപ്രോയുടെ തിയറി ഡെലാപോർട്ടാണ് രണ്ടാം സ്ഥാനത്ത്. 166 കോടി രൂപയാണ് വാർഷിക ശമ്പളം.
ശമ്പളം, അലവൻസുകൾ, അവധി പണമാക്കൽ, ബോണസ്, ലീവ് ട്രാവൽ കൺസഷൻ, പെൻഷൻ പദ്ധയിലേക്കുള്ള തൊഴിലുടമയുടെ സംഭാവന, ഓഹരി വിഹിതം എന്നിവയുൾപ്പെടെയാണ് സലൂജയുടെ പ്രതിഫലം. എം.ബി.ബി.എസ്, എം.ഡി,എം.ബി.എ, എൽഎൽ.ബി, പിഎച്ച്.ഡി ബിരുദങ്ങൾ നേടിയ ഡോ. രശ്മി രാജ്യത്തെ വ്യവസായ നേതൃത്വങ്ങളിൽ ഏറ്റവും കരുത്തയായ വനിതകളിലൊരാൾ കൂടിയാണ്.