യു.എസിലെ വായ്പ കരാറിൽ നിന്നും പിന്മാറി അദാനി
December 11, 2024വാഷിങ്ടൺ: യു.എസിലെ വായ്പ കരാറിൽ നിന്നും പിന്മാറി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോർട്സ്. 553 മില്യൺ ഡോളർ മൂല്യം വരുന്ന വായ്പ കരാറിൽ നിന്നാണ് കമ്പനി പിന്മാറിയത്. യു.എസിന്റെ ഇന്റർനാഷണൽ ഡെവലംപ്മെന്റ് ഫിനാൻസ് കോർപ്പറേഷനുമായിട്ടായിരുന്നു ഇടപാട്. ബ്ലുംബർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശ്രീലങ്കയുടെ തുറമുഖ പദ്ധതിക്ക് വേണ്ടിയാണ് അദാനി വായ്പയെടുക്കാൻ ഒരുങ്ങിയത്.
അതേസമയം, വായ്പ തിരിച്ചടവിന് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന് മാർച്ചിനുള്ളിൽ വേണ്ടത് 1.7 ബില്യൺ ഡോളറാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തുറമുഖം, ഗ്രീൻ എനർജി, സിമന്റ് വ്യവസായങ്ങൾക്കായി എടുത്ത വായ്പകളുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് തിരിച്ചടവിനായി വൻ തുക സ്വരൂപിക്കേണ്ട സാഹചര്യത്തിലേക്ക് അദാനി ഗ്രൂപ്പ് എത്തിയത്.
വായ്പയിൽ വലിയൊരു ഭാഗവും അദാനി ഗ്രീൻ എനർജിക്ക് വേണ്ടി എടുത്തതതാണ്. 1.05 ബില്യൺ ഡോളർ വായ്പയാണ് ഗ്രീൻ എനർജിക്ക് വേണ്ടി എടുത്തത്. സിമന്റ് വ്യവസായത്തിന് വേണ്ടി 300 മില്യൺ ഡോളറും, അദാനി പോർട്ട്സ് ആൻഡ് സെസിന് വേണ്ടി 290 മില്യണും വായ്പയായി എടുത്തിട്ടുണ്ട്.
ഇതിൽ തുറമുഖത്തിനായി എടുത്ത വായ്പ പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ തിരിച്ചടക്കാമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ. ഇസ്രായേൽ സർക്കാറിൽ നിന്നും ലഭിക്കുന്ന പിന്തുണ ഇതിന് സഹായകരമാവുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
നേരത്തെ വായ്പ തിരിച്ചടവിനായി ബോണ്ടുകളിലൂടെ പണം സ്വരൂപിക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങിയിരുന്നു. എന്നാൽ, അദാനിക്കെതിരെ യു.എസിൽ അഴിമതി കേസ് വന്നതോടെ കമ്പനി ഇതിൽ നിന്നും പിന്മാറുകയായിരുന്നു. നിലവിൽ ഗ്രീൻ എനർജിയുടേയും സിമന്റ് വ്യവസായത്തിന്റേയും വായ്പകളുടെ തിരിച്ചടവിനായി റെഗുലേഷൻ ഡി ഫ്രെയിം വർക്കിലൂടെ പണം സ്വരൂപിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.