ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന തീവണ്ടി ഇതാണ്
December 10, 2024 0 By BizNewsരാജ്യത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികളില്‍ ഒന്നു കൂടിയാണിത്.
ആയിരകണക്കിന് ട്രെയിനുകളും, സര്‍വീസുകളുമാണ് ഇന്ത്യന്‍ റെയില്‍വേ നടത്തുന്നത്. ദിവസവും ലക്ഷകണക്കിന് ആളുകള്‍ രാജ്യത്ത് ഈ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നു. അങ്ങനെയുള്ള ഇന്ത്യയില്‍ ഏറ്റവും അധികം വരുമാനം നേടുന്ന ട്രെയിന്‍ ഏതാണെന്നു നിങ്ങള്‍ക്ക് അറിയാമോ?
പറഞ്ഞുവരുന്നത് പ്രയാഗ്രാജിനും ന്യൂഡല്‍ഹിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന പ്രയാഗ്രാജ് എക്സ്പ്രസ് (12417/12418) എന്ന തീവണ്ടിയെ പറ്റിയാണ്. പുതിയ ഉത്സവ സീസണില്‍ വരുമാനമുണ്ടാക്കുന്നതില്‍ ഒരു പുതിയ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് ഈ തീവണ്ടി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 നവംബറിലെ വരുമാനത്തില്‍ വന്ദേ ഭാരത് എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, തേജസ് എക്സ്പ്രസ്, രാജധാനി എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളെ മറികടന്നിരിക്കുകയാണ് പ്രയാഗ്രാജ് എക്സ്പ്രസ്.
നവംബറില്‍ പ്രയാഗ്രാജ് എക്സ്പ്രസ് 6.6 കോടി രൂപ വരുമാനം നേടി. പ്രയാഗ്രാജില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് 43,388 യാത്രക്കാരെയും, മടക്കയാത്രയില്‍ 47,040 യാത്രക്കാരെയും ഈ ട്രെയിന്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചു. പ്രയാഗ്രാജ് എക്സ്പ്രസില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന നിരവധി യാത്രക്കാരുണ്ടു. ഇതില്‍ വിഐപികളും ഉള്‍പ്പെടും.
രാജ്യത്ത് ദിവസവും സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ഒന്നാണിത്. ന്യൂഡല്‍ഹിയില്‍ നിന്ന് രാവിലെ 10:10 -ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 7:00 -ന് പ്രയാഗ്രാജില്‍ എത്തും. ഈ കാലയളവില്‍ രാജ്യത്ത് മികച്ച വരുമാനം നേടിയ മറ്റു ട്രെയിനുകള്‍ കൂടി നോക്കാം.
പ്രയാഗ്രാജ് ഹംസഫര്‍ എക്‌സ്പ്രസ് (12275/ 12276): വരുമാനം: 5.2 കോടി രൂപ, യാത്രക്കാര്‍: 55,481 പേര്‍.
ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ ഹംസഫര്‍ എക്‌സ്പ്രസ് (22437/ 22438): വരുമാനം: 3.7 കോടി രൂപ, യാത്രക്കാര്‍: 41,797 പേര്‍.
ന്യൂഡല്‍ഹി- വാരണാസി വന്ദേ ഭാരത് എക്‌സ്പ്രസ് (22435/ 22436): വരുമാനം: 2.2 കോടി രൂപ, യാത്രക്കാര്‍: 16,899 പേര്‍.
വാരണാസി- ന്യൂ ഡല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ്: വരുമാനം: 2.4 കോടി രൂപ, യാത്രക്കാര്‍: 16,823 പേര്‍.
ഈ ഉത്സവ സീസണില്‍ ട്രെയിന്‍ യാത്രാ ഡിമാന്‍ഡില്‍ അഭൂതപൂര്‍വമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മിക്ക ദിവസങ്ങളിലും ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ അടക്കം നിറഞ്ഞിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ദിവസങ്ങളില്‍ പ്ലാറ്റ്ഫോമുകളിലും, ട്രെയിനുകളിലും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് (ആര്‍പിഎഫ്) വന്‍ വെല്ലുവിളിയായിരുന്നു.