
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്ന്
December 6, 2024തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനയിൽ തീരുമാനം ഇന്നറിയാം. യൂണിറ്റിന് പത്തു പൈസമുതല്‍ ഇരുപതു പൈസവരെ കൂടാനാണ് സാധ്യത. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കും. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, സമ്മർ താരിഫ് വേണം എന്ന കെഎസ്ഇബി ആവശ്യം അംഗീകരിക്കാൻ ഇടയില്ല. വേനൽക്കാലത്ത് യൂണിറ്റിന് പത്ത് പൈസ നിരക്കിൽ സമ്മർ താരിഫ് വേണം എന്നാണ് കെഎസ്ഇബിയുടെ ആവശ്യം. വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ നിരവധി കാരണങ്ങളാണ് കെഎസ് ഇബി പറയുന്നത്. ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വർധന, വർധിച്ചു വരുന്ന പ്രവർത്തന പരിപാലന ചെലവുകൾ എന്നിങ്ങനെയാണ് നിരക്ക് വർധനവിനുള്ള കാരണങ്ങളായി പറയുന്നത്.
നവംബർ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്താനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. ജനുവരി മുതൽ മേയ് വരെ യൂണിറ്റിന് പത്ത് പൈസ സമ്മർ താരിഫ് ഉൾപ്പെടെയുള്ള നിരക്ക് വർധനയാണ് കെഎസ്ഇബിയുടെ ആവശ്യം.