രൂപ വീണ്ടും റെക്കോഡ് താഴ്ചയിൽ
November 29, 2024മുംബൈ: രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ചയിൽ. ഡോളറിനെതിരെ വെള്ളിയാഴ്ച 13 പൈസ ഇടിഞ്ഞാണ് 84.60 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയത്.
വെള്ളിയാഴ്ച 84.49ൽ വ്യാപാരം ആരംഭിച്ച രൂപ ഇടക്ക് ഒരു പൈസയുടെ നേട്ടമുണ്ടാക്കിയത് ഒഴിച്ചാൽ ഒരു ഘട്ടത്തിലും കരുത്ത് കാട്ടാനായില്ല. നവംബർ 21ലെ 84.50 പൈസയാണ് ഇതിന് മുമ്പത്തെ താഴ്ന്ന നില. വ്യാഴാഴ്ച ഏഴ് പൈസയുടെ നഷ്ടത്തോടെ 84.47ലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച രണ്ടുവർഷത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിൽ എത്തിയതായ റിപ്പോർട്ട് പുറത്തുവന്നതും മാസാന്ത്യത്തിൽ ഇറക്കുമതിക്കാരുടെ ഭാഗത്തുനിന്ന് ഡോളറിന് കൂടുതൽ ആവശ്യക്കാരുണ്ടായതുമാണ് രൂപയുടെ മൂല്യമിടിയാൻ കാരണമായത്.