140 കോടി ഡോളറിന്‍റെ നികുതി വെട്ടിപ്പെന്ന്; ഫോക്‌സ്‌വാഗണ് നോട്ടീസ് നൽകി ഇന്ത്യ

140 കോടി ഡോളറിന്‍റെ നികുതി വെട്ടിപ്പെന്ന്; ഫോക്‌സ്‌വാഗണ് നോട്ടീസ് നൽകി ഇന്ത്യ

November 29, 2024 0 By BizNews

ന്യൂഡൽഹി: ജർമൻ കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ 140 കോടി ഡോളറിന്‍റെ നികുതിവെട്ടിപ്പ് നടത്തിയെന്ന് കാണിച്ച് നോട്ടീസ് നൽകി ഇന്ത്യ. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്‍റെ ഇന്ത്യയിലെ വാഹന ബ്രാൻഡുകളായ ഫോക്‌സ്‌വാഗൺ, ഓഡി, സ്കോഡ എന്നിവക്ക് വേണ്ടി വാഹനഭാഗങ്ങൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതിൽ നികുതിവെട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് നോട്ടീസെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

സെപ്റ്റംബർ 30നാണ് നോട്ടീസ് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലേക്ക് കാർ ഇറക്കുമതി ചെയ്യുമ്പോൾ 30-35 ശതമാനമാണ് നികുതി നൽകേണ്ടത്. എന്നാൽ, വാഹനഭാഗങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ 5-15 ശതമാനമാണ് നികുതി. ഫോക്‌സ്‌വാഗൺ കൂട്ടിയോജിപ്പിക്കാത്ത രീതിയിൽ മുഴുവൻ കാർ ഭാഗങ്ങളും ഇറക്കുമതി ചെയ്ത് കുറഞ്ഞ നികുതി മാത്രമടച്ചു എന്നാണ് നോട്ടീസിൽ പറയുന്നത്.

സ്കോഡ സൂപ്പേർബ്, കോഡിയാക്, ഓഡി എ4, ക്യു5, ഫോക്‌സ്‌വാഗണിന്‍റെ ടിഗ്വാൻ എന്നീ മോഡലുകൾ കൂട്ടിയോജിപ്പിക്കാത്ത ഭാഗങ്ങളായി ഇത്തരത്തിൽ മുഴുവനായി ഇറക്കുമതി ചെയ്ത് കുറഞ്ഞ നികുതിയടച്ചു. ഇത് പിടിക്കപ്പെടാതിരിക്കാൻ ഒരുമിച്ചല്ല ഇറക്കുമതി ചെയ്തത്. ഇത് നികുതി വെട്ടിക്കാനുള്ള മന:പൂർവമായ നടപടിയാണെന്ന് മഹാരാഷ്ട്രയിലെ കസ്റ്റംസ് കമീഷണർ ഫോക്‌സ്‌വാഗൺ ഇന്ത്യക്ക് നൽകിയ 95 പേജുള്ള നോട്ടീസിൽ പറയുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും എല്ലാ ആഗോള, ആഭ്യന്തര നിയമങ്ങളും അനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. നോട്ടീസ് പരിശോധിച്ചുവരികയാണെന്നും അന്വേഷണ അധികൃതരുമായി എല്ലാതരത്തിലും സഹകരിക്കുമെന്നും ഫോക്‌സ്‌വാഗൺ അറിയിച്ചു.