ജി.ഡി.പി വളർച്ച 5.4 ശതമാനമായി കുറഞ്ഞു; രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
November 29, 2024ന്യൂഡൽഹി: രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചാനിരക്കിൽ ഇടിവ്. സാമ്പത്തിക വർഷത്തിലെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാംപാദ മൊത്ത ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി) വളർച്ചാനിരക്ക് 5.4 ശതമാനമായി താഴ്ന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1 ആയിരുന്നു രണ്ടാംപാദ വളർച്ചാനിരക്ക്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
6.9 ശതമാനം വരെ വളർച്ച പ്രതീക്ഷിച്ച സ്ഥാനത്താണ് 2.7 ശതമാനം കുറഞ്ഞ വളർച്ചാനിരക്ക് രേഖപ്പെടുത്തിയത്. ഉൽപാദനം, ഉപഭോഗം, ഖനനം എന്നിവയിലെ വളർച്ചാ നിരക്ക് ഇടിഞ്ഞതാണ് തിരിച്ചടിക്ക് പ്രധാന കാരണമായത്. നടപ്പുവര്‍ഷം ഏപ്രില്‍-ജൂൺ പാദത്തിൽ 6.7 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ച.
ഉൽപ്പാദനമേഖലയിൽ വെറും 2.2 ശതമാനത്തിന്‍റെ വളർച്ച മാത്രമാണ് രണ്ടാംപാദത്തിലുണ്ടാത്. ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് ഏഴ് ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ 14.3 ശതമാനത്തിന്‍റെ മികച്ച വളർച്ച നേടിയ മേഖലയായിരുന്നു ഇത്. ഖനന മേഖലയിലും ഇടിവുണ്ടായി. അതേസമയം, കാർഷിക മേഖലയിൽ വളർച്ച രേഖപ്പെടുത്തി. ആദ്യ പാദത്തിൽ രണ്ട് ശതമാനം മാത്രമായിരുന്നത് ഇത്തവണ 3.5 ശതമാനമായി ഉയർന്നിട്ടുണ്ട്. നിർമാണ മേഖലയിൽ 7.7 ശതമാനമാണ് വളർച്ച. ആദ്യപാദത്തിൽ ഇത് 10.5 ശതമാനമായിരുന്നു. സേവന മേഖല 7.1 ശതമാനം വളർച്ച രേഖപ്പെടുത്തി.
വളർച്ചാ നിരക്കിൽ കുറവ് ഉണ്ടായിരുന്നിട്ടും 4.6 ശതമാനം ജി.ഡി.പി വളർച്ച റിപ്പോർട്ട് ചെയ്ത ചൈനയെ പിന്തള്ളി ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണ്. യു.എസ് 2.8 ശതമാനവും യുകെ 0.1 ശതമാനവുമാണ് ജൂലൈ – സെപ്റ്റംബർ പാദത്തിൽ ജി.ഡി.പി വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത്.