ആയിരം കോടി രൂപയുടെ കരാറുമായി കെൽട്രോൺ കുതിപ്പ്
November 26, 2024 0 By BizNewsഅടുത്ത വർഷം ലക്ഷ്യം 1000 കോടി രൂപയുടെ വിറ്റുവരവ്തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഒരു വർഷത്തിനിടെ 1000 കോടി രൂപയുടെ കരാറുമായി മികച്ച മുന്നേറ്റം നടത്തുന്നു.
പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട മത്സരാധിഷ്ഠിത ടെണ്ടറുകളില്‍ പങ്കെടുത്താണ് കെല്‍ട്രോണ്‍ നേട്ടമുണ്ടാക്കിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
2025ല്‍ ആയിരം കോടി രൂപയുടെ വിറ്റുവരവും 2030ല്‍ 2000 കോടിയുടെ വിറ്റുവരവുമാണ് കെല്‍ട്രോണ്‍ ലക്ഷ്യമിടുന്നത്. ഇതിനായി മുന്നൊരുക്കം തുടങ്ങി.
ഓരോ മാസത്തിലും അഭിമാനകരമായ നേട്ടങ്ങളാണ് കെല്‍ട്രോണ്‍ കൈവരിക്കുന്നത്. നവംബറില്‍ എഫ്.സി.ഐ ഉടമസ്ഥതയിലുള്ള 561 ഡിപ്പോകളിലും സി.സി.ടി.വി ക്യാമറകളുടെ സപ്ലൈ, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ്, കമ്മീഷനിംഗ് ആൻഡ് ഓപ്പറേഷൻസ് എന്നിവയ്ക്കായി 168 കോടി രൂപയുടെ കരാർ ലഭിച്ചു.
ഒക്ടോബറില്‍ നാഗ്പൂർ കോർപ്പറേഷന്റെ 197 കോടിയുടെ ഓർഡറും കിട്ടി. നോർവെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്‌ട്രോണിക്‌സ് ആൻഡ് ഇലക്‌ട്രിക്കല്‍ മേഖലയിലെ പ്രമുഖ സ്ഥാപനമായ എല്‍ടോർക്കുമായി നേരത്തെ കെല്‍ട്രോണ്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു.
ഇന്ത്യയിലെ തന്നെ ആദ്യ സൂപ്പർ കപ്പാസിറ്റർ കേന്ദ്രം നടപ്പു വർഷം കണ്ണൂരില്‍ ആരംഭിച്ചു.
ഇന്ത്യയുടെ പ്രധാനപ്പെട്ട ബഹിരാകാര ദൗത്യങ്ങളിലെല്ലാം പങ്കാളികളാകുന്ന കെല്‍ട്രോണ്‍ കേരളത്തെ ഇലക്‌ട്രോണിക്‌സ് വ്യവസായത്തിന്റെ ഹബായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് പി. രാജീവ് പറഞ്ഞു.