പാങ്കോങ്ങിലേക്ക് 6000 കോടി ചെലവിട്ട് ഇരട്ട തുരങ്കം നിർമിക്കാൻ ഇന്ത്യ

പാങ്കോങ്ങിലേക്ക് 6000 കോടി ചെലവിട്ട് ഇരട്ട തുരങ്കം നിർമിക്കാൻ ഇന്ത്യ

November 18, 2024 0 By BizNews
government-considers-rs-6-000-cr-tunnel-to-link-leh-with-pangong

ന്യൂഡല്‍ഹി: ലഡാക്കിലെ കേല ചുരത്തില്‍ ഇരട്ട ടണല്‍ നിർമിക്കാൻ കേന്ദ്രസർക്കാർ സാധ്യതകള്‍ തേടുന്നു. കേല ചുരത്തിലൂടെ ഏഴ് മുതല്‍ എട്ട് കിലോമീറ്റവർ വരെ നീളമുള്ള ഇരട്ട ട്യൂബ് ടണല്‍ നിർമിക്കുന്നതിനുള്ള സാധ്യതകള്‍ സർക്കാർ വിലയിരുത്തുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ലേയ്ക്കും പാംഗോങ് തടാകത്തിനുമിടയില്‍ യാത്രക്കാരുടേയും സൈനികരുടേയും സഞ്ചാരം സുഗമമാക്കാൻ തുരങ്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ കാലാവസ്ഥയിലും ഗതാഗതം സുഗമമാക്കുന്ന തന്ത്രപ്രധാനമായ തുരങ്കപദ്ധതിക്ക് ഏകദേശം 6,000 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഇതൊരു ബുദ്ധിമുട്ടേറിയതും ചെലവേറിയതുമായ പദ്ധതിയാണ്.

ഒപ്പം ഇതൊരു തന്ത്രപ്രധാനമായ റോഡാണ്. ഇത് ലേയില്‍ നിന്ന് പാങ്കോങ്ങിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കും. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ബോർഡർ റോഡ് ഓർഗനൈസേഷനോ റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനോ ആകും തുരങ്കപാതയുടെ സാധ്യതകള്‍ പരിശോധിക്കുക എന്നാണ് റിപ്പോർട്ടുകള്‍.

ലേയെ പാങ്കോങ് തടാകവുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതം സാധ്യമായ ചുരമാണ് കേല ചുരം.

സമുദ്രനിരപ്പില്‍ നിന്ന് 18,600 അടിയാണ് ഇതിന്റെ ഉയരം. ടൂറിസം, സാമ്ബത്തിക പ്രവർത്തനങ്ങള്‍, സേനയുടെ സുഗമമായ സഞ്ചാരം എന്നിവ ലക്ഷ്യമിട്ട് ഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട്, 2022-ല്‍ ലഡാക്ക് ഭരണകൂടം ഖാർദുങ് ലാ, ഫോതു ലാ, നമിക ലാ, കേല എന്നിവിടങ്ങളിലെ നാല് ചുരങ്ങളില്‍ പുതിയ തുരങ്കങ്ങള്‍ നിർമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെ ഇന്ത്യാ- ചൈന സംഘർഷം നിലനിന്നിരുന്ന മേഖലകൂടിയാണ് പാങ്കോങ്. അതുകൊണ്ടുതന്നെ തുരങ്ക നിർമാണം സൈനിക ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഒരുക്കുക.