ഫോസിൽ ഇന്ധന ഉപഭോഗത്തിൽ ചൈനയെ മറികടന്ന് യുഎസ്
October 26, 2024 0 By BizNewsയുഎസ് ചൈനയേക്കാൾ കൂടുതൽ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നതായി കണക്കുകൾ. ഈ വർഷം വൈദ്യുതോല്പാദനത്തിനായി കൂടുതൽ പ്രകൃതി വാതകം ഉപയോഗിച്ചതാണ് കാരണം. ലോകത്തിൽ ഏറ്റവുമധികം കാർബൺ ബഹിർഗമനം നടത്തുന്ന രാജ്യമാണ് ചൈന.
2024 ജൂൺ മുതൽ യ.എസിൽ കടുത്ത വേനൽക്കാലമാണ് അനുഭവപ്പെട്ടത്. ഇതോടെ വൈദ്യുതോപഭോഗം കുതിച്ചുയർന്നു. വർധിച്ച വൈദ്യുത ആവശ്യങ്ങൾ നിറവേറ്റിയത് കൂടുതലായും പ്രകൃതി വാതകം ഉപയോഗിച്ചു കൊണ്ടായിരുന്നു.
അതേ സമയം ജലത്തിലൂടെ വൈദ്യുതോല്പാദനം കൂടുതലായി നടത്തുകയാണ് ചൈന ചെയ്തത്. ഇതോടെ വൈദ്യുത വിതരണത്തിൽ കൽക്കരിയുടെ പങ്ക് കുറയ്ക്കാൻ സാധിച്ചു.
ഇക്കഴിഞ്ഞ ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ, പ്രകൃതി വാതകം, കൽക്കരി എന്നിവ യുഎസിലെ ആകെ വൈദ്യുതോല്പാദനത്തിന്റെ 62.4% വിഹിതം സംഭാവന ചെയ്തു. അതേ സമയം സമാന കാലയളവിൽ ഫോസിൽ ഇന്ധനം ഉപയോഗിച്ചുള്ള ചൈനയുടെ വൈദ്യുതോല്പാദനം 60.5% എന്ന നിലയിലാണ്.
ഇത്തരത്തിൽ ഫോസിൽ ഇന്ധനത്തെ കൂടുതലായി ആശ്രയിക്കുന്ന സാഹചര്യമുണ്ടാകുന്നത് 2035 വർഷത്തോടെ സീറോ കാർബൺ ബഹിർഗമനം എന്ന യു.എസിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് വെല്ലുവിളി ഉയർത്തുന്നു.
2024 വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ പ്രകൃതി വാതകത്തിൽ നിന്നുള്ള യു.എസിലെ ഊർജ്ജോല്പാദനം 20% എന്ന തോതിൽ വർധിച്ചു. 2019 വർഷത്തിലെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോഴാണിത്.
ഇത്തരത്തിൽ ഊർജ്ജ വിതരണത്തിൽ പ്രകൃതി വാതകത്തിന്റെ സംഭാവന 38% എന്ന നിലയിൽ നിന്ന് അഞ്ച് വർഷങ്ങൾ കൊണ്ട് 43% എന്ന നിലയിലേക്കുയർന്നു. കഴിഞ്ഞ വർഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോഴും പ്രകൃതി വാതകത്തെ ആശ്രയിച്ചുള്ള വൈദ്യുതോല്പാദനത്തിൽ വർധനയുണ്ട്.
സമീപ വർഷങ്ങളിൽ യു.എസിലെ വൈദ്യുത വിതരണത്തിൽ ഏറിയ പങ്കും പ്രകൃതി വാതക പ്ലാന്റുകളിലൂടെയാണ് നടക്കുന്നത്.
യു.എസിൽ വൈദ്യുത ഡിമാൻഡ് ഉയരുന്നതും, കൂടുതൽ ഇലക്ട്രിഫിക്കേഷൻ നടക്കുന്നതും, ഡാറ്റ സെന്ററുകൾക്കായി കൂടുതൽ വൈദ്യുതി ആവശ്യമായി വരുന്നതും ഇനിയും പ്രകൃതി വാതകത്തെ കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു.
നിർമിത ബുദ്ധിയുടെ കുതിപ്പ് യഥാർത്ഥത്തിൽ ഇലക്ട്രിസിറ്റിയുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ് ചെയ്തത്.
യു.എസിലെ ഊർജ്ജോല്പാദന കമ്പനികൾ ഈ വർഷം തുടക്കത്തിൽ പ്രകൃതി വാതക പ്ലാന്റുകളുടെ ശേഷി ഉയർന്ന വോളിയത്തിലേക്ക് വർധിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് നിർബന്ധിതമായതിനും ഇതൊരു കാരണമാണ്.