രാജ്യത്തെ ബാങ്കുകളുടെ ലാഭത്തില്‍ വർധന

രാജ്യത്തെ ബാങ്കുകളുടെ ലാഭത്തില്‍ വർധന

October 24, 2024 0 By BizNews
Increase in the profitability of banks in the country

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസ കാലയളവില്‍ രാജ്യത്തെ ബാങ്കുകളുടെ ലാഭത്തില്‍ മികച്ച വർധന. എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ, യൂകോ ബാങ്ക് തുടങ്ങിയവ അറ്റാദായത്തിലും വരുമാനത്തിലും മികച്ച വളര്‍ച്ച നേടി.

മുഖ്യ പലിശ നിരക്ക് ഉയര്‍ന്ന തലത്തില്‍ തുടരുന്നതാണ് വരുമാനം കൂടാന്‍ സഹായിച്ചത്. ഇതോടൊപ്പം ആഗോള വിപണിയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ പണം സമാഹരിക്കാന്‍ കഴിഞ്ഞതും നേട്ടമായി.

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ അറ്റാദായം 5.3% വർധനയോടെ 16,821 കോടി രൂപയായി. ബാങ്കിന്‍റെ അറ്റ പലിശ വരുമാനം 10% വളര്‍ച്ചയോടെ 30,113 കോടി രൂപയിലെത്തി.

കോട്ടക് മഹീന്ദ്ര ബാങ്കിന്‍റെ അറ്റാദായം ഇക്കാലയളവില്‍ 5% വർധനയോടെ 3,344 കോടി രൂപയായി. പലിശ വരുമാനം 11% ഉയര്‍ന്ന് 7,020 കോടി രൂപയിലെത്തി. ആക്‌സിസ് ബാങ്കിന്‍റെ അറ്റാദായം 18% വർധനയോടെ 6,918 കോടി രൂപയായി. പലിശ വരുമാനം ഒന്‍പത് ശതമാനം വർധനയോടെ 13,483 കോടി രൂപയിലെത്തി.

ജൂലൈ- സെപ്തംബര്‍ മാസങ്ങളില്‍ പ്രമുഖ സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തിലും മികച്ച വളര്‍ച്ചയുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്‍റെ സ്ഥിര നിക്ഷേപങ്ങള്‍ 15.1% ഉയര്‍ന്ന് 25,00,100 കോടി രൂപയിലെത്തി.

വായ്പാ വിതരണം 7% വളര്‍ച്ചയോടെ 25,19,000 കോടി രൂപയായി. കോട്ടക് മഹീന്ദ്ര ബാങ്കിന്‍റെ നിക്ഷേപങ്ങള്‍ 16% ഉയര്‍ന്ന് 4,46,110 കോടി രൂപയിലെത്തി. വായ്പകള്‍ ഇക്കാലയളവില്‍ 17% വളര്‍ച്ചയോടെ 419,108 കോടി രൂപയിലെത്തി.

ആക്‌സിസ് ബാങ്കിന്‍റെ നിക്ഷേപങ്ങള്‍ ഇക്കാലയളവില്‍ 11% വളര്‍ച്ചയോടെ 9,99,979 കോടി രൂപയിലെത്തി. വായ്പാ വിതരണം 2% വളര്‍ച്ചയോടെ 5,98,715 രൂപയിലെത്തി.

3 മാസത്തിനിടെ ബാങ്കുകളുടെ കിട്ടാക്കടം കൂടുകയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കിന്‍റെ മൊത്തം നിഷ്‌ക്രിയ ആസ്തി ജൂലൈ- സെപ്തംബര്‍ മാസങ്ങളില്‍ 0.03 ഉയര്‍ന്ന് 1.36 ശതമാനമായി. അറ്റ കിട്ടാക്കടം 0.41 ശതമാനമായി ഉയര്‍ന്നു.

കോട്ടക് ബാങ്കിന്‍റെ നിഷക്രിയ ആസ്തി 0.41 ശതമാനമായി ഉയര്‍ന്നു.