ഇന്ത്യ വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയായി മാറുന്നു; വളർച്ച നിരക്ക് ഏഴ് ശതമാനമെന്ന് പ്രവചനം
October 23, 2024ന്യൂഡൽഹി: ലോകത്ത് അതിവേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി മാറുകയാണ് ഇന്ത്യയെന്ന് അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് (ഐ.എം.എഫ്). 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ പ്രതീക്ഷിക്കുന്ന വളർച്ച നിരക്ക് ഏഴുശതമാനമാണെന്ന് ഐ.എം.എഫ് ഏഷ്യ -പസിഫിക് വിഭാഗം ഡയറക്ടർ കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു.
തെരഞ്ഞെടുപ്പുകളുടെ സമ്മർദത്തിനപ്പുറം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ക്രമാനുഗതമായി മുന്നോട്ടുപോകുന്നു. കരുതൽ ധനവും തൃപ്തികരമായ നിലയിലാണ്. അടിസ്ഥാനതലത്തിൽ ആരോഗ്യകരമായ വളർച്ച തുടരുന്നത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തൊഴിൽ, വ്യാപാരമേഖലയിലെ തടസ്സങ്ങൾ, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളിൽ രാജ്യം കൂടുതൽ ശ്രദ്ധയൂന്നേണ്ടതുണ്ട്. 2019-20 കാലഘട്ടത്തിൽ അംഗീകരിച്ച മാനദണ്ഡങ്ങൾ നടപ്പിൽവരുത്തി പുതിയ തൊഴിലുകൾ സൃഷ്ടിക്കാനാവണം. ഈ മാനദണ്ഡങ്ങൾ തൊഴിൽദാതാക്കൾക്ക് ആയാസം നൽകുന്നതിനൊപ്പം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതാണ്. വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തൽ, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ എന്നിവ രാജ്യത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളാണെന്നും ശ്രീനിവാസൻ പറഞ്ഞു.