കോവിഡ് കാലത്ത് ഹിറ്റായ ഇ-സഞ്ജീവനി ഇനി സബ്‌സെന്ററുകളിലേക്കും

കോവിഡ് കാലത്ത് ഹിറ്റായ ഇ-സഞ്ജീവനി ഇനി സബ്‌സെന്ററുകളിലേക്കും

October 23, 2024 0 By BizNews
E-Sanjeevini, a hit during the Covid era, is now available in sub-centres

കോട്ടയം: കോവിഡുകാലത്ത് ഹിറ്റായ ഇ-സഞ്ജീവനി ടെലികൺസൽട്ടേഷന്റെ പ്രവർത്തനം വ്യാപകമാക്കാൻ സംസ്ഥാനം തീരുമാനിച്ചു.

നിലവിൽ സഞ്ജീവനി ആപ്പ് വഴിയോ സൈറ്റ് വഴിയോ രോഗി ഡോക്ടറെ കാണുന്ന രീതിയായിരുന്നു. ഇനിമുതൽ സബ്ബ് സെന്ററുകൾ കേന്ദ്രീകരിച്ചും ഈ പ്രവർത്തനം നടക്കും.

പ്രാഥമിക ആരോഗ്യകേന്ദ്രത്തിനും താഴെയുള്ള സബ്ബ് സെന്ററുകളിൽ ഇതിനായി മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ എന്ന ജീവനക്കാരനെ നിയമിച്ചു. ഈ ജീവനക്കാരനോ-ജീവനക്കാരിക്കോ ടാബും ഇന്റർനെറ്റ് സൗകര്യവും നൽകും.

രോഗി ഇവിടെവന്ന് വിവരം പറഞ്ഞാൽ അവർ ടെലികൺസൽട്ടേഷന് വീഡിയോകോൾ വഴി സൗകര്യം ഉണ്ടാക്കും. ചെറിയ രോഗങ്ങളെങ്കിൽ ഡോക്ടർ ജീവനക്കാരന് കുറിപ്പടി അയച്ച് കൊടുത്ത് രോഗിക്ക് കൈമാറും.

വിദഗ്ധചികിത്സ ആവശ്യമുള്ള ആളെന്ന് ഡോക്ടർ വിലയിരുത്തിയാൽ രോഗിയെ ഉയർന്ന ആശുപത്രിയിലേക്ക് വിടും. റഫറൻസ് ലെറ്ററും ഡോക്ടർ അയച്ച് കൊടുക്കും.

എല്ലാ രോഗികളും താലൂക്ക്, ജില്ലാ, മെഡിക്കൽ കോളേജുകളിലേക്ക് നേരിട്ട് എത്തുന്നത് വലിയ തിരക്കും അസൗകര്യവും ഉണ്ടാക്കുന്നു. ഈ രീതി വന്നാൽ അത് ഒഴിവാക്കാം. ഗ്രാമപ്രദേശങ്ങളിൽ സ്മാർട്ട് ഫോൺ ഒന്നുമില്ലാത്ത പാവപ്പെട്ട ആളുകൾക്കും ടെലികൺസൽട്ടേഷന്റെ ഗുണം കിട്ടുമെന്നതാണ് മറ്റൊന്ന്.

കോവിഡ് കാലത്ത് തുടങ്ങിയ ഇ-സഞ്ജീവനി കേരളം ഉണ്ടാക്കിയ നല്ല മാതൃകയായിരുന്നു. കേന്ദ്രസർക്കാരും ഇതിന് പ്രോത്സാഹനമേകി. പുതിയരീതിക്കും കേന്ദ്രസഹായമുണ്ട്.

2020 മുതൽ 2024 ഇതുവരെ സംസ്ഥാനത്ത് 13.6 ലക്ഷം ഇ-കൺസൽട്ടേഷനുകളാണ് നടന്നിട്ടുള്ളത്. 5.4 ലക്ഷം എണ്ണം രോഗി-ഡോക്ടർ എന്ന നിലയിലും 8.2 ലക്ഷം ഡോക്ടർ-ഡോക്ടർ എന്ന നിലയിലുമായിരുന്നു.

താഴേത്തട്ടിലുള്ള ആശുപത്രികളിലെ ഡോക്ടർമാർ സംശയനിവാരണത്തിന് റഫറൽ ആശുപത്രിയുമായി നടത്തിയ കൺസൽട്ടേഷനായിരുന്നു ഇത്. ദിവസം ശരാശരി 3000 പേർ വരെ ഈ സൗകര്യം ഉപയോഗിച്ചു.

പല ജയിലുകളിലും ഈ സേവനം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. 2020-ൽ67556 പേർക്കാണ് ഇതിന്റെ ഗുണം കിട്ടിയത്. 21-ൽ2.37 ലക്ഷം പേരും22-ൽ 1.59 ലക്ഷം പേരും 23-ൽ 58897 പേരും ഈ വർഷം സെപ്റ്റംബർവരെ 26189 പേരും ഈ സേവനം ഉപയോഗിച്ചു.