റബർ ഉൽപാദനത്തിൽ 2.1 ശതമാനം വർധന
October 18, 2024കോട്ടയം: രാജ്യത്ത് പ്രകൃതിദത്ത റബറിന്റെ ഉൽപാദനത്തിൽ 2.1 ശതമാനം വർധന. 2023-24 സാമ്പത്തികവർഷത്തിൽ 8.57 ലക്ഷം ടണ്ണായിരുന്നു ഉൽപാദനം. 2022-23ൽ അത് 8.39 ലക്ഷം ടണ്ണായിരുന്നു. ഉപഭോഗത്തിലും വർധനവുണ്ട്. 2023-24ൽ 4.9 ശതമാനം വർധിച്ച് 14.16 ലക്ഷം ടണ്ണായി ഉപഭോഗം ഉയർന്നതായും ഇന്ത്യൻ റബർ സ്റ്റാറ്റിസ്റ്റിക്സിൽ പറയുന്നു.
ഈ സാമ്പത്തികവർഷത്തിൽ ആഗസ്റ്റ് വരെ 2.83 ലക്ഷം ടണ്ണാണ് ഉൽപാദനം. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.7 ശതമാനം കൂടുതലാണ്. ഇതിനിടെ, തായ്ലാൻഡിൽ റബർ ഉൽപാദനം ഇടിഞ്ഞു. ഏപ്രിൽ മുതൽ ജൂലൈ വരെ 0.7 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഇത് വരുംദിവസങ്ങളിൽ റബർ വില ഉയരാൻ കാരണമാകുമെന്നാണ് റബർ ബോർഡിന്റെ പ്രതീക്ഷ.