85% കെഎസ്ആർടിസി ഡിപ്പോകളും പ്രവർത്തനലാഭം നേടിയതായി ഗണേഷ് കുമാർ
October 14, 2024 0 By BizNewsസംസ്ഥാനത്ത് 85 ശതമാനം കെഎസ്ആർടിസി ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണെന്നും, ഡിപ്പോകളുടെ പ്രവർത്തന ലക്ഷ്യം 9 കോടി രൂപയാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, ആനുകൂല്യങ്ങൾ എന്നിവ കൃത്യമായി നൽകിയുവരുന്നതായും, പി.എഫ്. ക്ലോഷർ, എൻ.പി.എസ്., പെൻഷൻ ഫണ്ട്, സഹകരണ സൊസൈറ്റി ബാക്കിയാക്കേണ്ട തുക എന്നിവ ഉൾപ്പെടെ 2023 ഡിസംബറിൽ നിന്ന് ഇതുവരെ 883 കോടി രൂപ അടച്ചതായും അദ്ദേഹം വ്യക്തമാക്കി. മികച്ച പ്രവർത്തനം കാണിക്കുന്ന ജീവനക്കാർക്ക് പ്രോത്സാഹനങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.
ഇന്ധന ചെലവ് കുറയ്ക്കാനായി ബസുകൾ സിഎൻജിയിലേക്ക് ഘട്ടം ഘട്ടമായി മാറ്റാൻ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലകൾക്കായി ചെറു ബസുകൾ വാങ്ങുന്നതിനുള്ള ടെൻഡർ വിളിച്ചതായും അദ്ദേഹം അറിയിച്ചു. ഇതിന് 93 കോടി രൂപ ധനവകുപ്പ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അതോടൊപ്പം പെരുമ്പാവൂരിൽ കെഎസ്ആർടിസിയുടെ പെട്രോൾ പമ്പ് ഉടൻ ആരംഭിക്കുമെന്നും 10 പുതിയ പമ്പുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
കൊറിയർ സർവീസ് വീടുകളിൽ എത്തിക്കാൻ കെഎസ്ആർടിസി ഒരു സ്റ്റാർട്ട്അപ്പ് കമ്പനിയുമായി സഹകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും, വീടുകളിൽ നിന്ന് കൊറിയർ ശേഖരിച്ച് വീടുകളിൽ തന്നെ എത്തിക്കുന്ന സംവിധാനം പ്രായോഗികമാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു.