സ്വയം ‘റീചാർജ്’ ചെയ്യാൻ ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ അവധി നൽകി ഇ-കൊമേഴ്സ് കമ്പനി
October 11, 2024കോർപറേറ്റ് കമ്പനികളിലെ അമിതജോലി ഭാരവും ജീവനക്കാരുടെ മാനസിക സമ്മർദവും ചർച്ചയായി മാറിക്കഴിഞ്ഞു. അതിനിടെയാണ് ജീവനക്കാർക്ക് റിഫ്രഷ് ചെയ്യാനും സ്വയം റീചാർജ് ചെയ്യാനുമായി ഇ-കൊമേഴ്സ് കമ്പനിയായ മീശോ ഒമ്പത് ദിവസത്തെ അവധി നൽകിയിരിക്കുന്നത്. ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ കമ്പനിയിൽ നിന്ന് ആരും ജീവനക്കാരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കില്ല.
വിൽപന രംഗത്ത് ഈ വർഷം മികച്ച പ്രകടനം കാഴ്ച വെച്ചതിനു പിന്നാലെയാണ് ജീവനക്കാർക്ക് പ്രത്യേക അവധി നൽകാൻ മീശോയുടെ തീരുമാനം. ഈ വർഷം നാലാം തവണയാണ് കമ്പനി ജീവനക്കാർക്ക് നൽകുന്നത്. ജോലിയും ജീവിതവും തമ്മിൽ സംതുലനം വേണമെന്നാണ് കമ്പനിയുടെ നയം. അതിനാൽ അവധി പ്രഖ്യാപിച്ച ദിവസങ്ങളിൽ കമ്പനിയിൽ ഒരുതരത്തിലുമുള്ള ഫോൺ സന്ദേശമോ വിളിയോ ഒന്നും ഉണ്ടാകില്ലെന്നും ഉറപ്പുണ്ട്.
മീശോയുടെ തീരുമാനം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് കാരണമായിട്ടുണ്ട്. ബഹുഭൂരിഭാഗം ആളുകളും പ്രശംസനീയമായ നടപടി എന്നാണ് വിലയിരുത്തിയത്. മീശോ വെറുമൊരു ഇലയല്ല, പച്ചപ്പു നിറഞ്ഞ വലിയൊരു കാടാണ് എന്നാണ് ഒരു യൂസർ അഭിപ്രായപ്പെട്ടത്.
ഇങ്ങനയൊരു ബ്രേക്കിനെകുറിച്ച് വിശ്വസിക്കാൻ കഴിയാത്തവരും കൂട്ടത്തിലുണ്ട്. അതിനാൽ ഈ പോസ്റ്റ് സ്വപ്നമാണോ എന്നാണ് ഒരു യൂസർ ചോദിക്കുന്നത്. തന്നെ മീശോയിൽ ജോലിക്കെടുക്കുമോ എന്ന് ചോദിക്കുന്നവരും കുറവല്ല.