സെപ്‌റ്റംബറില്‍ ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം 10% കുറഞ്ഞു

സെപ്‌റ്റംബറില്‍ ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം 10% കുറഞ്ഞു

October 11, 2024 0 By BizNews

മുംബൈ: ലാര്‍ജ്‌ ക്യാപ്‌ ഫണ്ടുകള്‍ക്ക്‌ നിക്ഷേപകര്‍ക്കിടയിലുള്ള ഡിമാന്റ്‌ കുറഞ്ഞതിനെ തുടര്‍ന്ന്‌ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം സെപ്‌റ്റംബറില്‍ 10 ശതമാനം കുറഞ്ഞ്‌ 34,419 കോടി രൂപയായി.

അതേ സമയം ഓപ്പണ്‍-എന്‍ഡഡ്‌ ഇക്വിറ്റി ഫണ്ടുകളിലെ അറ്റനിക്ഷേപം തുടര്‍ച്ചയായി 43-ാമത്തെ മാസവും തുടരുകയാണ്‌.

കഴിഞ്ഞമാസം ഓഹരി വിപണികള്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചെങ്കിലും ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തില്‍ ഇടിവുണ്ടായി. സെന്‍സെക്‌സും നിഫ്‌റ്റിയും യഥാക്രമം 2.4 ശതമാനവും 2.3 ശതമാനവുമാണ്‌ സെപ്‌റ്റംബറില്‍ ഉയര്‍ന്നത്‌.

കഴിഞ്ഞ വര്‍ഷം ഗണ്യമായ തോതില്‍ നിക്ഷേപം നടന്ന സെക്‌ടര്‍ ഫണ്ടുകളിലെ നിക്ഷേപം 27 ശതമാനം കുറഞ്ഞ്‌ 13,255 കോടി രൂപയായി. സെപ്‌റ്റംബറില്‍ ഓപ്പണ്‍-എന്‍ഡഡ്‌ മ്യൂച്വല്‍ ഫണ്ടുകളില്‍ മൊത്തം 71,027 കോടി രൂപയുടെ അറ്റവില്‍പ്പന നടന്നു.

ഡെറ്റ്‌ ഫണ്ടുകളില്‍ ഉണ്ടായ ശക്തമായ വില്‍പ്പനയാണ്‌ കാരണം. ഓഗസ്റ്റില്‍ 45,169.36 കോടി രൂപയുടെ അറ്റനിക്ഷേപമായിരുന്നു നടന്നത്‌.

ഇക്വിറ്റി ഫണ്ട്‌ വിഭാഗത്തില്‍ ലാര്‍ജ്‌ ക്യാപ്‌ ഫണ്ടുകളിലെ നിക്ഷേപം 33 ശതമാനം കുറഞ്ഞ്‌ 1769 കോടി രൂപയായി. സ്‌മോള്‍-ക്യാപ്‌ ഫണ്ടുകളില്‍ 3071 കോടി രൂപയുടെ അറ്റനിക്ഷേപം നടന്നു.