ഫോബ്സ് ഇന്ത്യ പട്ടികയിൽ ഏഴു മലയാളികൾ; ഒന്നാമൻ എം.എ. യൂസുഫലി, ഇന്ത്യയിൽ മുകേഷ് അംബാനി
October 10, 2024ദുബൈ: 2024ലെ രാജ്യത്തെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ ഇത്തവണ ഏഴു മലയാളികൾ ഇടംനേടി. 100 പേരുടെ പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയാണ് മലയാളിയായ വ്യക്തിഗത സമ്പന്നരിൽ മുന്നിൽ. 740 കോടി ഡോളർ ആസ്തിയോടെ (62,160 കോടി രൂപ) രാജ്യത്തെ 39ാം സ്ഥാനം യൂസുഫലി സ്വന്തമാക്കി.
മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും ധനികൻ. 11,950 കോടി ഡോളർ (10,03,246 കോടി) ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. 11,600 കോടി ഡോളറിന്റെ (9,73,773 കോടി രൂപ) ആസ്തിയുമായി ഗൗതം അദാനിയാണ് രണ്ടാമത്.
780 കോടി ഡോളറോടെ (65,520 കോടി രൂപ ) ധനികരായ മലയാളി കുടുംബമായി മുത്തൂറ്റ് പട്ടികയിൽ ഇടംപിടിച്ചു. ജോർജ് ജേക്കബ്, ജോർജ് തോമസ്, സാറാ ജോർജ്, ജോർജ് അലക്സാണ്ടർ എന്നിവരുടെ ആസ്തികൾ ചേർത്ത് 37ാം സ്ഥാനത്താണ് മുത്തൂറ്റ് കുടുംബം.
കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ 60ാം സ്ഥാനത്തുണ്ട്. 45,192 കോടി രൂപയാണ് ആസ്തി. 36,540 കോടി രൂപയോടെ ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്ണൻ 73ാം സ്ഥാനത്തും 29,400 കോടി രൂപയോടെ ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി 95ാം സ്ഥാനത്തും 28,560 കോടി രൂപയോടെ ആർ.പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള 97ാം സ്ഥാനത്തും 28,308 കോടി രൂപയുടെ ആസ്തിയുമായി ജോയ് ആലുക്കാസ് 98ാം സ്ഥാനത്തും ഇടംനേടി.