റേഷൻകാർഡ് മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി
October 10, 2024 0 By BizNewsതിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയെ അറിയിച്ചു.
മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനായി സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിൽ ധാരാളം ആളുകൾ മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളതിനാൽ സമയപരിധി ദീർഘിപ്പിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ.ഇ.കെ.വിജയൻ എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഒക്ടോബർ 8 വരെ 79.79% മുൻഗണനാ ഗുണഭോക്താക്കളുടെ അപ്ഡേഷൻ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ബാക്കിയുള്ള 20 ശതമാനത്തോളം അംഗങ്ങൾക്ക് വിവിധ കാരണങ്ങളാൽ മസ്റ്ററിംഗിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. മുൻഗണനാകാർഡിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും മസ്റ്ററിംഗിൽ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ ഈ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുമുണ്ട്. 19,84,134 AAY(മഞ്ഞ) കാർഡ് അംഗങ്ങളിൽ 16,09,794 പേരും (81.13%) 1,33,92,566 PHH (പിങ്ക്) കാർഡ് അംഗങ്ങളിൽ 1,06,59,651 പേരും (79.59%) മസ്റ്ററിംഗ് പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു.