ഐഫോണ്‍ 16 സീരീസ് ഉത്പാദനം ഇന്ത്യയില്‍ തുടങ്ങി ആപ്പിള്‍
October 7, 2024 0 By BizNewsചെന്നൈ: ഐഫോണ്‍ 16 സീരീസിലെ മുഴുവൻ ഫോണുകളുടെയും ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ നിർമിക്കുന്നത്.
ഇത് ആദ്യമായാണ് ആപ്പിള്‍ തങ്ങളുടെ സ്ഥിരം നിർമാണ കേന്ദ്രങ്ങളില്‍ നിന്ന് മാറി മറ്റൊരിടത്ത് ഐഫോണ്‍ പ്രോ മോഡലുകള്‍ നിർമിക്കുന്നത്.
ഏതെങ്കിലും ഒരിടത്ത് നിന്ന് മാത്രം നിർമാണം നടത്തി വിതരണം ചെയ്യുക എന്ന നയത്തില്‍ നിന്ന് മാറി ഒന്നിലധികം ഇടങ്ങളിലേക്ക് ഉത്പാദനം വ്യാപിപ്പിക്കാനുള്ള കമ്പനിയുടെ നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. ടാറ്റ ഗ്രൂപ്പ്, ഫോക്സ്കോണ്‍, പെഗട്രോണ്‍ എന്നീ കമ്പനികളാണ് ആപ്പിളിന്റെ ഇന്ത്യയിലെ നിർമാണ പങ്കാളികള്‍.
പ്രാദേശിക വിപണിയിലേക്ക് വേണ്ട ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് തന്നെ ഉത്പാദിപ്പിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ചെറിയൊരു ഭാഗം ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യും.
അതേസമയം, ഡല്‍ഹിയിലെയും മുംബൈയിലേയും ആപ്പിള്‍ സ്റ്റോറുകളുടെ വൻ വിജയത്തിന് പിന്നാലെ കൂടുതല്‍ ആപ്പിള്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളുരു, പുനെ, ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി ഇന്ത്യയില്‍ നേരിട്ടുള്ള റീട്ടെയില്‍ ശക്തമാക്കാനും കമ്പനിയ്ക്ക് സാധിക്കും.