പയർവർഗങ്ങളുടെ വില കുറയ്ക്കാൻ നീക്കവുമായി കേന്ദ്രം

പയർവർഗങ്ങളുടെ വില കുറയ്ക്കാൻ നീക്കവുമായി കേന്ദ്രം

September 25, 2024 0 By BizNews
The Center has moved to reduce the price of pulses

ന്യൂഡൽഹി: രാജ്യത്തെ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനിടെ ആശ്വാസമേകി പയര്‍വര്‍ഗ്ഗങ്ങളുടെ വില കുറയുന്നു. ശക്തമായ ഇറക്കുമതിയും ഖാരിഫ് വിളവെടുപ്പ് വര്‍ധിച്ചതുമാണ് വില കുറയാന്‍ കാരണം.

കടല, പരിപ്പ്, ഉഴുന്ന്, ഉലുവ എന്നിവയുടെയെല്ലാം വില കുറഞ്ഞുതുടങ്ങി. പയറുവര്‍ഗ്ഗങ്ങളുടെ പണപ്പെരുപ്പം ഓഗസ്റ്റില്‍ 113.6% ആയി ഉയര്‍ന്നിരുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ടാന്‍സാനിയയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും കടലയും പരിപ്പും ഇറക്കുമതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതി.

നല്ല മണ്‍സൂണ്‍ മഴ ലഭിച്ചതോടെ ഖാരിഫ് വിളകളുടെ വിസ്തീര്‍ണ്ണം 1.50% ഉയര്‍ന്ന് സെപ്റ്റംബര്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം 110.46 ദശലക്ഷം ഹെക്ടറായി. ഇത് നാല് വര്‍ഷത്തെ ശരാശരിയായ 109.6 ദശലക്ഷം ഹെക്ടറിനെ മറികടന്നതായി കാര്‍ഷിക മന്ത്രാലയം അറിയിച്ചു.

നെല്ല്, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, കരിമ്പ്, പരുത്തി തുടങ്ങിയ ഖാരിഫ് വിളകള്‍ കഴിഞ്ഞ വര്‍ഷം 108.82 ദശലക്ഷം ഹെക്ടറില്‍ ആണ് കൃഷി ചെയ്തത്. പയറുവര്‍ഗ്ഗങ്ങളുടെ കൃഷി കഴിഞ്ഞ വര്‍ഷത്തെ 11.92 ദശലക്ഷം ഹെക്ടറില്‍ നിന്ന് 12.85 ദശലക്ഷം ഹെക്ടറായി വര്‍ധിച്ചു. 7.79% ആണ് വര്‍ധന.

അതിനിടെ വില നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ മൊത്ത, ചില്ലറ വിപണികളില്‍ ഉള്ളിയുടെ ലഭ്യത കൂട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളായ നാഫെഡും എന്‍സിസിഎഫും ഡല്‍ഹിയിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും മൊത്തവ്യാപാര വിപണികളിലെ ശേഖരത്തില്‍ നിന്ന് ഉള്ളി ചില്ലറ വിപണിയിലെത്തിച്ച് തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കിലോ ഗ്രാമിന് 35 രൂപയ്ക്ക് സബ്സിഡി നിരക്കില്‍ ആണ് ഉള്ളി എത്തിച്ചിരിക്കുന്നത്. 2024-2025 വിളവര്‍ഷത്തെ ഖാരിഫ് ഉള്ളിയുടെ ഉല്‍പ്പാദനം വിലയിരുത്തുന്നതിനായി കൃഷി, ഉപഭോക്തൃകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംയുക്ത സംഘം പ്രധാന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, 2023-24 വിള വര്‍ഷത്തില്‍ ഉള്ളിയുടെ ഉല്‍പ്പാദനം 24.24 മെട്രിക് ടണ്‍ ആണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20% കുറവാണ്. ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ ഓഗസ്റ്റില്‍ ഉള്ളിയുടെ റീട്ടെയില്‍ പണപ്പെരുപ്പം 54.04% ആയിരുന്നു.