പെൻഷൻ പദ്ധതി കുട്ടികളിലേക്കും; എൻ.പി.എസ് വാത്സല്യക്ക് തുടക്കം
September 18, 2024ന്യൂഡൽഹി: രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ ആരംഭിക്കാവുന്ന പെൻഷൻ പദ്ധതിയായ എൻ.പി.എസ് വാത്സല്യക്ക് തുടക്കമായി. ഓൺലൈനായോ ബാങ്ക്, തപാൽ ഓഫിസ് വഴിയോ ചുരുങ്ങിയത് 1000 രൂപ മക്കളുടെ പേരിൽ നിക്ഷേപിച്ച് തുടങ്ങാവുന്ന പദ്ധതി ബുധനാഴ്ച ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു.
എല്ലാ വർഷവും ചുരുങ്ങിയത് 1000 രൂപ ഈ അക്കൗണ്ടിൽ നിക്ഷേപിക്കണം. മക്കളുടെ ഭാവി ശോഭനമാക്കാനും വാർധക്യ കാലത്ത് മെച്ചപ്പെട്ട പെൻഷനും ആനുകൂല്യങ്ങളും ലഭ്യമാക്കാനും സഹായിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. നിലവിലുള്ള നാഷനൽ പെൻഷൻ പദ്ധതി (എൻ.പി.എസ്) കുട്ടികളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. എൻ.പി.എസിൽ നിലവിൽ 1.86 കോടി വരിക്കാരും 13 ലക്ഷം കോടി നിേക്ഷപവുമുണ്ട്.
18 വയസ്സിന് താഴെയുള്ളവരുടെ പേരിൽ അക്കൗണ്ട് തുടങ്ങാം. 18 വയസ്സ് പൂർത്തിയാകുന്ന മുറക്ക് സാധാരണ എൻ.പി.എസിലേക്ക് സ്വമേധയാ മാറും. 60 വയസ്സ് പൂർത്തിയാകുന്ന മുറക്കാണ് പെൻഷൻ ലഭിക്കുക. ഇതിനിടയിൽ നിക്ഷേപം പിൻവലിക്കുന്നതിന് നിബന്ധനകളുണ്ട്.