ഓണക്കാലത്ത് സപ്ലൈകോക്ക് 123.56 കോടി വിറ്റുവരവ്
September 18, 2024കൊച്ചി: ഓണക്കാലത്ത് സംസ്ഥാനത്തെ സപ്ലൈകോ വിൽപനശാലകളിൽ 123.56 കോടി രൂപയുടെ വിറ്റുവരവ്. ഇതിൽ 66.83 കോടി സബ്സിഡി ഇനങ്ങളുടെയും 56.73 കോടി ഇതര ഇനങ്ങളുടെയും വിറ്റുവരവാണ്. സെപ്റ്റംബർ ഒന്നുമുതൽ ഉത്രാട ദിവസം (സെപ്റ്റംബർ 14) വരെയുള്ള കണക്കാണിത്. സപ്ലൈകോ പെട്രോൾ ബങ്കുകളിലെയും എൽ.പി.ജി ഔട്ട്ലറ്റുകളിലെയും വിറ്റുവരവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
സെപ്റ്റംബറിൽ 26.24 ലക്ഷം പേർ അവശ്യസാധനങ്ങൾ വാങ്ങാൻ സപ്ലൈകോ വിൽപനശാലകളെ ആശ്രയിച്ചു. ഇതിൽ 21.06 ലക്ഷം പേരാണ് അത്തം മുതൽ ഉത്രാടം വരെ വിൽപനശാലകളിൽ എത്തിയത്. 14 ജില്ല ഫെയറുകളിൽ മാത്രം 4.03 കോടിയുടെ വിറ്റുവരവുണ്ടായി. സബ്സിഡി ഇനത്തിൽ 2.36 കോടിയും ഇതര ഇനത്തിൽ 1.67 കോടിയുമാണ് ജില്ല ഫെയറുകളിലെ വിറ്റുവരവ്. കൂടുതൽ വിൽപന തിരുവനന്തപുരത്താണ്: 68.01 ലക്ഷം. സബ്സിഡി ഇനത്തിൽ 39.12 ലക്ഷത്തിന്റെയും ഇതര ഇനത്തിൽ 28.89 ലക്ഷത്തിന്റെയും വിറ്റുവരവാണ് തിരുവനന്തപുരം ജില്ല ഫെയറിലുണ്ടായത്. തൃശൂർ (42.29 ലക്ഷം), കൊല്ലം (40.95), കണ്ണൂർ (39.17) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. പാലക്കാട് 34.10 ലക്ഷം, കോഴിക്കോട് 28.68 ലക്ഷം വിറ്റുവരവുണ്ടായി.
ഓണം മേളകളിലും സൂപ്പർമാർക്കറ്റുകളിലും സെപ്റ്റംബർ ആറ് മുതൽ 14 വരെ, ദിവസവും രണ്ടുമണിക്കൂർ വീതം ഒരുക്കിയ ഡീപ് ഡിസ്കൗണ്ട് സെയിലിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഈ സമയത്ത് മാത്രം 1.57 ലക്ഷം ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങിയതായും സപ്ലൈകോ അധികൃതർ അറിയിച്ചു.